INDIA

'കേരള സ്റ്റോറി' തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ട തുറന്നുകാട്ടുന്ന ചിത്രം: പ്രധാനമന്ത്രി

തീവ്രവാദികളെ വോട്ട് ബാങ്കിനായി കൂട്ടുപിടിക്കുന്ന കോണ്‍ഗ്രസിനെ വിശ്വസിച്ചാല്‍ കര്‍ണാടക കേരളം പോലെയാകുമെന്നും കേരളത്തെ തീവ്രവാദം ഗ്രസിച്ചുവെന്നും പ്രധാനമന്ത്രി ബെല്ലാരിയിലെ തിരഞ്ഞെടുപ്പ് വേദിയില്‍

ദ ഫോർത്ത് - ബെംഗളൂരു

തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ടയും ഗൂഢാലോചനയും തുറന്നുകാട്ടുന്നതാണ് 'കേരള സ്റ്റോറി'യെന്ന ചിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടക ബെല്ലാരിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

''അതിസുന്ദരമായ സംസ്ഥാനമാണ് കേരളം. അവിടുത്തെ ജനത കഠിനാധ്വാനികളും പ്രതിഭാശാലികളുമാണ്. എന്നിട്ടും ആ സംസ്ഥാനത്തെ തീവ്രവാദം ഗ്രസിച്ചു. കന്നഡിഗര്‍ സൂക്ഷിക്കണം. സ്വന്തം വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടുകയാണ്. കോണ്‍ഗ്രസിന്റെ ഈ നെട്ടോട്ടം കര്‍ണാടകയെ കേരളത്തെപ്പോലെയാക്കും,'' മോദി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 100 സീറ്റില്‍ മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കോണ്‍ഗ്രസിനും ജെഡിഎസിനും പിന്തുണ നല്‍കാന്‍ എസ് ഡി പി ഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സംഘടനയുടെ പേര് പറയാതെ 'കേരള സ്റ്റോറി' പരാമര്‍ശിച്ച് മോദിയുടെ വിമര്‍ശനം.

''തീവ്രവാദ സംഘടനകളെ തുരത്താന്‍ ലോക രാജ്യങ്ങള്‍ മുഴുവന്‍ പ്രയത്നിക്കുകയാണ്. കര്‍ണാടക തീവ്രവാദമുക്തമാക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോഴൊക്കെ കോണ്‍ഗ്രസിന് അസ്വസ്ഥതയാണ്. വോട്ട് ബാങ്ക് കാക്കാന്‍ കോണ്‍ഗ്രസ് തീവ്രവാദ സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. മനുഷ്യത്വവിരുദ്ധവും വികസനവിരുദ്ധവുമായ കാഴ്ചപ്പാടുള്ള ഇത്തരം സംഘടനകളെ പുല്‍കുന്ന കോണ്‍ഗ്രസാണോ കന്നഡിഗരെ രക്ഷിക്കാന്‍ പോകുന്നത്?'' പ്രധാനമന്ത്രി ചോദിച്ചു.

കോണ്‍ഗ്രസിന്റെ 'ബജ്രംഗ്ദള്‍ നിരോധനം' മോദി ബെല്ലാരിയിലും പരാമർശിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ കാല്‍ വിറച്ചുതുടങ്ങി. താന്‍ ജയ് ബജ്രംഗ് ബലിയെന്ന് ഉരുവിടുന്നതില്‍ പോലും കോണ്‍ഗ്രസ് ആപത്ത് മണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ഒരാള്‍ ഹിന്ദു ദൈവത്തിന്റെ പേര് പറഞ്ഞ് ഒരു വിഭാഗത്തെ സ്വാധീനിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് മോദിയുടെ പ്രതികരണം.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരാക്കി കേരളത്തില്‍നിന്ന് പെണ്‍കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തിച്ചെന്ന പ്രമേയത്തിലുള്ള 'കേരള സ്റ്റോറി'ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചിത്രം സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പരക്കെയുള്ള വിമര്‍ശനം.

പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം, വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ