INDIA

'മോദിക്ക് എന്തുണ്ട് ഉത്തരം'; രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിലുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്ന്

ഭരണപക്ഷത്തെ നിശബ്ദമാക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിൻ്റെ പ്രസംഗം

വെബ് ഡെസ്ക്

ഭരണപക്ഷത്തെ നിശബ്ദരാക്കിയ പ്രതിപക്ഷത്തിന്റെ പ്രസംഗത്തിന് ശേഷം ലോക്‌സഭയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിലെ മോദിയുടെ പ്രസംഗമാണ് ഇന്ന് സഭയിലെ പ്രധാന അജണ്ട. പാര്‍ലമെന്റിലെ പ്രസംഗത്തിന് മുന്നോടിയായി എന്‍ഡിഎ സഖ്യത്തിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കും. ലോക്‌സഭാ വിജയത്തിന് ശേഷം ആദ്യമായാണ് ഭരണകക്ഷി എംപിമാര്‍ ഒന്നടങ്കം പങ്കെടുക്കുന്ന യോഗം നടക്കുന്നത്.

വെള്ളിയാഴ്ച തീരുമാനിച്ചിരുന്ന നന്ദി പ്രമേയ ചര്‍ച്ച നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ വൈകുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും വിവിധ വിഷയങ്ങളില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചതിന് ശേഷമുള്ള മോദിയുടെ മറുപടി ഏത് വിധത്തിലായിരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രചാരണങ്ങള്‍, നീറ്റ് പേപ്പര്‍ ചോര്‍ച്ച, അഗ്നിവീർ പദ്ധതി തുടങ്ങിയവാണ് പ്രധാനമായും രാഹുല്‍ ഉന്നയിച്ചത്.

മതമമൈത്രിയെക്കുറിച്ച് സൂചിപ്പിക്കാന്‍ സഭയില്‍ മതചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ''ഹിന്ദുക്കളാണെന്ന് പറയുന്നവര്‍ അക്രമത്തെക്കുറിച്ച് സംസാരിക്കുന്നു''എന്ന രാഹുലിന്റെ പരാമര്‍ശവും ബിജെപി അംഗങ്ങളെ ചൊടിപ്പിച്ചു. പ്രസംഗത്തിനിടെ ഇടപെട്ട നരേന്ദ്ര മോദി, രാഹുല്‍ ഹിന്ദുക്കളെ അക്രമകാരികളെന്ന് വിളിച്ചെന്ന് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഹുലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

''രാമക്ഷേത്രം നിര്‍മിച്ച അയോധ്യയില്‍ സാധാരണക്കാരയ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചു. ക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ പാവപ്പെട്ടവരുടെ ഭൂമി പിടിച്ചെടുത്തു. അവരുടെ തൊഴിലുകള്‍ ഇല്ലാതാക്കി. ഇതില്‍ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചു,'' രാഹുല്‍ പറഞ്ഞു. ഭരണഘടനയ്ക്ക് എതിരായി ഒരു വ്യവസ്ഥാപിത ആക്രമണം നടന്നിട്ടുണ്ടെന്നും ഇത് ചോദ്യം ചെയ്തവര്‍ ആക്രമിക്കപ്പെട്ടുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ''എന്നെപ്പോലും എല്ലാ ഭാഗത്തുനിന്നും ആക്രമിച്ചു. ഇ ഡി എന്നെ 55 മണിക്കൂര്‍ ചോദ്യം ചെയ്തു. നമ്മുടെ എല്ലാ മഹാന്മാരും അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹിന്ദു എന്ന് സ്വയം വിളിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ. നിങ്ങള്‍ ഒരുതരത്തിലും ഹിന്ദുക്കളല്ല'', തുടങ്ങിയ രീതിയിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.

അഗ്നവീര്‍ പദ്ധതി എന്തിന് വേണ്ടിയെന്ന് ആര്‍ക്കും അറിയില്ലെന്നും അഗ്നിവീറുകള്‍ക്ക് എന്തൊക്കെ ആനുകൂല്യം നല്‍കുമെന്നും ആര്‍ക്കും അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. അഗ്നിവീര്‍ സേനയുടെ സ്‌കീം അല്ലെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസിന്റ് സ്‌കീം ആണെന്നും അത് സേനക്ക് അറിയാമെന്നും രാഹുല്‍ വിമര്‍ശിച്ചു. മണിപ്പൂര്‍ കലാപവും രാഹുല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മണിപ്പൂരിനെ കുറിച്ച് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ബിജെപിക്ക് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും രാഹുല്‍ ആരോപിച്ചു.

ഇതിന് പിന്നാലെ മോദി ശ്രീരാമന്റെ പ്രതിനിധിയാണെന്ന് പറഞ്ഞ് ഭരണപക്ഷ എംപിമാര്‍ എഴുന്നേറ്റെങ്കിലും അതാണ് അയോധ്യയില്‍ കിട്ടിയതെന്ന് പരിഹസിക്കുകയായിരുന്നു രാഹുല്‍. ''പ്രധാനമന്ത്രി കോര്‍പ്പറേറ്റുകളുടെ പ്രതിനിധിയാണ്. കര്‍ഷകരെ തീവ്രവാദികളെന്നാണ് സര്‍ക്കാര്‍ വിളിക്കുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ പോലും സര്‍ക്കാര്‍ തയാറല്ല. നീറ്റ് പ്രഫഷണല്‍ പരീക്ഷയല്ല. അത് ബിസിനസ് പരീക്ഷയാണ്. യുവാക്കളുടെ ഭാവിയെ കുറിച്ച് ഒരു ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയാറല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്നത് വലിയ അതിക്രമമാണ്,'' രാഹുല്‍ പറഞ്ഞു

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ മഹുവ മൊയ്ത്രയും രംഗത്തെത്തി. രാഹുലിന്റെ പ്രസംഗത്തിന് ശേഷം സഭയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തേക്കിറങ്ങിയപ്പോള്‍ 'കഴിഞ്ഞിട്ടില്ല, എന്റെ പ്രസംഗം കൂടി കേട്ടിട്ടു പോകൂ'വെന്ന് പരിഹസിക്കുകയായിരുന്നു മഹുവ. കഴിഞ്ഞതവണ ഇവിടെ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഒരു എംപിയുടെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് ഭരണകക്ഷിക്ക് വലിയ വിലയാണ് നല്‍കേണ്ടിവന്നതെന്നും മഹുവ പറഞ്ഞു. മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ പ്രധാന വിമര്‍ശനം. സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനങ്ങളേയും ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ വിമര്‍ശനം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം