2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതിനായി പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമത്തിലാണ് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളുമായി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തു. തന്റെ ലക്ഷ്യം പ്രതിപക്ഷ നിരയുടെ നേത്യ സ്ഥാനമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിതീഷ് കുമാര്‍. ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം രൂപപ്പെടുത്തുന്നതിനാണ് മുന്‍ഗണന. ഇക്കാര്യത്തില്‍ തര്‍ക്കത്തിനില്ലെന്നും നിതീഷ് വ്യക്തമാക്കി.
രാജ്യത്തിന്റെ താല്‍പര്യം അനുസരിച്ച് ഐക്യം കെട്ടിപ്പടുക്കുക എന്നതാണ് പ്രഥമ പരിഗണന. നേതൃത്വത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കാം. ഒരു മുഖത്തേക്കാള്‍, രാജ്യത്തിന് ഒരു ഐക്യമുന്നണി ആവശ്യമാണെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നിതീഷ് പറഞ്ഞു. വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഉടന്‍ സോണിയ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളിലും ഐക്യം ഉണ്ടാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വരും ദിവസങ്ങളില്‍ രാജ്യത്ത് അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടും. അധികാരം കയ്യിലിരിക്കുന്നവര്‍ രാജ്യത്ത് എല്ലായിടത്തും നാശം സൃഷ്ടിക്കുകയാണെന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നും സിപിഐ (എംഎല്‍) നേതാവ് ദീപങ്കര്‍ ഭട്ടാചാര്യയെ കണ്ടതിന് ശേഷം നിതീഷ് കുമാര്‍ പറഞ്ഞു.
2005 മുതല്‍ പ്രശാന്ത് കിഷോര്‍ ബിജെപിയെ രഹസ്യമായി സഹായിക്കാന്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് നിതീഷ് പറഞ്ഞു. നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് പ്രാദേശിക പ്രത്യാഘാതം മാത്രമാണ് ഉണ്ടാക്കുകയെന്നും ദേശീയ തലത്തില്‍ ഇത് ബാധിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. നിതീഷിനെ 'പബ്ലിസിറ്റി എക്സ്പെര്‍ട്ട്' എന്ന് വിളിച്ചാണ് പ്രശാന്ത് കിഷോര്‍ അധിക്ഷേപിച്ചത്.
നിതീഷ് കുമാറിന്‍റെ ഡല്‍ഹി സന്ദര്‍ശനത്തെ 'രാഷ്ട്രീയ തീര്‍ത്ഥാടനം' എന്നാണ് ബിജെപി വിമര്‍ശിച്ചത്. ബിഹാറില്‍ ജനങ്ങള്‍ പ്രകൃതി ദുരന്തങ്ങളാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്പോള്‍ മുഖ്യമന്ത്രി യാത്ര ചെയ്യുകയാണെന്നും മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു.