ദേശീയ രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ച് പ്രിയങ്കാ ഗാന്ധി. വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇന്നു പത്രിക സമര്‍പ്പിച്ച് പ്രിയങ്ക പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഹരിശ്രീ കുറിച്ചു. കല്‍പറ്റയില്‍ അവേശം അണപൊട്ടിയ വന്‍ പൊതുജന റാലിയുടെയും റോഡ് ഷോയുടെയും അകമ്പടിയോടെയാണ് പ്രിയങ്ക പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി എന്നിവരും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. റോഡ് ഷോ കഴിഞ്ഞ് മുഖ്യവരണാധികാരിയായ വയനാട് ജില്ലാ കളക്ടർക്ക് പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചു.
"എന്റെ അനുജത്തിയെ നോക്കിക്കോണം" എന്നു പറഞ്ഞ് രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു. 35 വർഷം തന്റെ അച്ഛനും അമ്മയ്ക്കും സഹോദരനും സഹപ്രവർത്തകർക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട് ഇത് ആദ്യമായാണ് തനിക്കുവേണ്ടി തന്നെ പ്രചാരണം നടത്തുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലി, ബിജെപിയുമായി അഭിമാന പോരാട്ടം നടന്ന അമേഠി എന്നീ മണ്ഡലങ്ങളുടെ പ്രത്യേക ചുമതലവഹിച്ചിരുന്നത് പ്രിയങ്ക ഗാന്ധിയായിരുന്നു.
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും സംഭവിച്ച ഉരുൾപൊട്ടലിൽ ബാക്കിപത്രം താൻ സഹോദരനൊപ്പം നേരിട്ട് കണ്ടതാണെന്നും, മെഡിക്കൽ കോളേജ് ആവശ്യവും രാത്രിയാത്ര നിരോധനവുമുൾപ്പെടെയുള്ള വയനാട്ടിലെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ഇനിമുതലങ്ങോട്ട് ഏറ്റെടുക്കുമെന്നും പ്രിയങ്ക പറഞ്ഞു. രാഹുലും വയനാട്ടിലെ ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും പ്രിയങ്ക കൂട്ടിച്ചെർത്തു.
"അധികാരത്തിലിരിക്കുന്നവർ വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിക്കുകയും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ രാജ്യം കെട്ടിപ്പടുത്തിട്ടുള്ളത് ഈ രാഷ്ട്രീയത്തിന് മുകളിലല്ല" പ്രിയങ്ക പറഞ്ഞു. "അനുജത്തിയെ നോക്കിക്കോണം" എന്ന് പറഞ്ഞ രാഹുൽ ഗാന്ധി വയനാടിന് ഇനിമുതൽ രണ്ട് അംഗങ്ങളുണ്ടെന്നും തങ്ങൾ രണ്ടുപേരും വായനാടിനുവേണ്ടി പ്രവർത്തിക്കുമെന്നും പറഞ്ഞു. ഒന്നരവർഷത്തിനു ശേഷമാണ് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഒരു പൊതുവേദിയിലെത്തുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ പൊതുയോഗത്തിനുണ്ട്.
റോഡ് ഷോയിൽ ആയിരങ്ങൾ പ്രിയങ്കയെ കാണാൻ തടിച്ചുകൂടി. തന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിയെ അനുഗമിച്ചുകൊണ്ട് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും റോബർട്ട് വദ്രയുമുൾപ്പെടെയുള്ള കുടുംബാംഗങ്ങളും വായനാട്ടിലെത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നും വയനാട്ടിൽ നിന്നും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. താൻ മണ്ഡലം ഒഴിയുന്നതായി രാഹുൽ പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രിയങ്ക അവിടെ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാത്രി വായനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി ഇന്നലെ തന്നെ വീടുകൾ കയറാനും ജനങ്ങളോട് വോട്ടഭ്യർത്ഥിക്കാനും ഇറങ്ങിയിരുന്നു. അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക വായനാട്ടിലെത്തിയത്. ഇന്ന് യുഡിഎഫ് കൽപ്പറ്റയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ കോൺഗ്രസ്, ലീഗ് നേതാക്കളായ കെസി വേണുഗോപാൽ, കെ സുധാകരൻ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടിഎന്നിവർക്കൊപ്പം തുറന്നവാഹനത്തിൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ജനങ്ങളെ അഭിവാദ്യം ചെയ്തു.
റോഡ് ഷോ കഴിഞ്ഞു നടന്ന പൊതുയോഗത്തിലാണ് രാഹുലും പ്രിയങ്കയും മല്ലികാർജുൻ ഖാർഗെയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. രാഹുൽ വയനാടിനെ ഉപേക്ഷിച്ച് പോയി എന്ന പ്രചാരണം എൽഡിഎഫ്, ബിജെപി നേതാക്കൾ നടത്തിയിരുന്നെങ്കിലും പ്രിയങ്ക തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തുന്നതോടെ ആ പ്രചാരണത്തെ മറികടക്കാനാകുമെന്ന കണക്കുകൂട്ടൽ ഏകദേശം ഫലിച്ചു എന്നുതന്നെ തെളിയിക്കുകയാണ് ഇന്നത്തെ ജനക്കൂട്ടം. പ്രധാന നേതാക്കളെ അണിനിരത്തി നടത്തിയ പൊതുയോഗം വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശകരമായ തുടക്കം കുറിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്.