INDIA

'സഹായി സ്ഥാനങ്ങള്‍' വേണ്ട; പ്രോ ടേം സ്പീക്കര്‍ വിവാദം കത്തിക്കാന്‍ ഇന്ത്യ സഖ്യം

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന എംപി കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി ബിജെപിയുടെ ഭര്‍തൃഹരി മഹ്‌തോബിനെ പ്രോ ടേം സ്പീക്കര്‍ ആക്കിയതിനെതിരെ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു

വെബ് ഡെസ്ക്

പ്രോ ടേം സ്പീക്കര്‍ വിവാദത്തില്‍ സര്‍ക്കാരിന് എതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. പ്രോ ടേം സ്പീക്കറെ സഹായിക്കാനുള്ള പാനലിലേക്ക് കൊടിക്കുന്നില്‍ സുരേഷിനേയും മറ്റു രണ്ട് പ്രതിപക്ഷ എംപിമാരേയും തിരഞ്ഞെടുത്ത നടപടി അംഗീകരിക്കില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന എംപി കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി ബിജെപിയുടെ ഭര്‍തൃഹരി മഹ്‌തോബിനെ പ്രോ ടേം സ്പീക്കര്‍ ആക്കിയതിനെതിരെ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷ്, ഡിഎംകെയുടെ ടി ആര്‍ ബാലു, തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദിപ് ബന്ധോപാന്ദ്യയ്, ബിജെപി എംപിമാരായ രാധാ മോഹന്‍ സിങ്, ഫഗന്‍ സിങ് കുലാസ്‌തേ എന്നിവരെയാണ് ഈ പാനലിലേക്ക് തിരഞ്ഞെടുത്തത്. എന്നാല്‍, പ്രോ ടേം സ്പീക്കറെ തിരഞ്ഞെടുക്കുന്ന രീതി അട്ടിമറിച്ച സര്‍ക്കാരിന്റെ നീക്കത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യ സഖ്യം പാനലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. എട്ടു തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷ് പ്രോ ടേം സ്പീക്കര്‍ ആകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ഏഴ് തവണ എംപിയായ ഭര്‍തൃഹരിയെ പ്രോ ടേം സ്പീക്കറായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉത്തരവിറക്കുകയായിരുന്നു.

കൊടിക്കുന്നില്‍ സുരേഷ് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവായത് കൊണ്ടാണ് അദ്ദേഹത്തിന്റെ സീനിയോറിറ്റി മറികടന്ന് ഒഡിഷയിലെ കുട്ടക് മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ഭര്‍തൃഹരിയെ നിയമിച്ചത് എന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

പ്രോ ടേം സ്പീക്കറായി ഭര്‍തൃഹരിയെ നിയമിച്ചതിനെ ന്യായീകരിച്ച് നിയമമന്ത്രി കിരണ്‍ റിജിജു രംഗത്തുവന്നിരുന്നു. തുടര്‍ച്ചയായി എംപിയാകുന്ന ആളെയാണ് പ്രോം ടേം സ്പീക്കറാക്കുന്നതെന്നും നിയമം പാലിച്ചാണ് നടപടിയെന്നും റിജിജു പറഞ്ഞിരുന്നു. കൊടിക്കുന്നില്‍ സുരേഷ് 1998-ലും 2004-ലും തോറ്റിട്ടുണ്ടെന്നും ഭര്‍തൃഹരി തുടര്‍ച്ചയായി ഏഴുതവണ ജയിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അനാവശ്യമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നീറ്റ്-നെറ്റ് പരീക്ഷാ വിവാദങ്ങളില്‍ കുഴഞ്ഞുനില്‍ക്കവെയാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രോ ടേം സ്പീക്കര്‍ വിവാദവും ഉയര്‍ന്നുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതി ആരോപണത്തിന് പിന്നാലെ, നീറ്റ്, നെറ്റ് വിവാദങ്ങള്‍ കൂടി ആളിക്കത്തിച്ച് പതിനെട്ടാം ലോക്‌സഭയിലെ ആദ്യ സമ്മേളനം പ്രക്ഷുബ്ധമാക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിന് പിന്നാലെ, വീണുകിട്ടിയ പ്രോ ടേം സ്പീക്കര്‍ വിവാദവും ഇന്ത്യ സഖ്യത്തിന് പാര്‍ലമെന്റില്‍ പ്രതിഷേധിക്കാനുള്ള അവസരം ഉണ്ടാക്കിനല്‍കും. കൂടാതെ ബംഗാളിലെ ട്രെയിന്‍ അപകടവും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും. ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കാതെ സഖ്യകക്ഷികളുമായി ചേര്‍ന്നു രൂപീകരിച്ച സര്‍ക്കാരായതിനാല്‍ കരുതലോടെയാണ് ബിജെപി നീങ്ങുന്നത്. എന്നാല്‍, പതിനെട്ടാം ലോക്‌സഭയിലെ ആദ്യ സമ്മേളനത്തില്‍തന്നെ പ്രതിപക്ഷത്തിന് മേല്‍ക്കൈ ലഭിച്ചതിന്റെ അങ്കലാപ്പും ബിജെപിക്കുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ