ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗത്തെ അപമാനിച്ചെന്ന് ആരോപിച്ച് ആജ് തക് അവതാരകൻ സുധിർ ചൗധരിക്കെതിരെ വൻ പ്രതിഷേധം. ഭൂമി തട്ടിപ്പ് കേസിൽ ഇഡിയാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അന്ന് രാത്രി ആജ് തക്കിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ, ഹേമന്ത് സോറന്റെ ജയിൽ വാസം ആദിവാസികൾ കാട്ടിലേക്ക് തിരികെ പോകുന്ന പോലെയാണെന്നായിരുന്നു സുധിർ പറഞ്ഞത്. ജനുവരി 31-ന് സംപ്രേക്ഷണം ചെയ്ത 'ബ്ലാക്ക് ആൻഡ് വൈറ്റ്' പ്രൈംടൈം ഷോയിലായിരുന്നു പരാമർശം.
“ഇന്ന് രാത്രി അദ്ദേഹം എവിടെ ചിലവഴിക്കും? ആഡംബരപൂർണമായ ജീവിതരീതിയാണ് അയാൾക്ക് ശീലമായിരിക്കുന്നത്. എന്നാൽ ഇന്ന്, ഒരു തരത്തിൽ പറഞ്ഞാൽ, ഒരു ആദിവാസി 20, 30, 40 വർഷങ്ങൾക്ക് ശേഷം കാട്ടിലേക്ക് മടങ്ങി പോകുന്നത് പോലെയാകും. ഇത് കഠിനമായ രാത്രിയായിരിക്കും” സുധിർ ചൗധരി പറഞ്ഞു. കൂടാതെ സമുദായത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ടവർക്ക് സംവരണം നൽകരുതെന്നും നിർദ്ദേശിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒപ്പം സുധിർ ചൗധരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹാഷ്ടാഗ് എക്‌സിൽ ട്രെൻഡിങ്ങുമാണ്.
“ഈ കുടുംബത്തിന് പാവപ്പെട്ടവരാണെന്ന് പറയാൻ അവകാശമുണ്ടോ? അവർക്ക് സംവരണം ലഭിക്കേണ്ടതുണ്ടോ? സംവരണത്തിൻ്റെ നേട്ടം സോറൻ കുടുംബം കൊയ്യണോ? ആദിവാസികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കേണ്ടതുണ്ടോ? എസ് സി /എസ് ടി നിയമത്തിലൂടെ അവരുടെ അധികാരം വർധിപ്പിക്കേണ്ടതുണ്ടോ? കാരണം അവർ രാജ്യത്തെ ഏറ്റവും വലിയ ധനികരെക്കാളും സമ്പന്നരാണ്. അവർ ആദിവാസികളല്ല, വലിയ വലിയ ബംഗ്ലാവുകളിലാണ് താമസിക്കുന്നത്" അറസ്റ്റിനെത്തുടർന്ന് ഹേമന്ത് സോറൻ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം ഇഡിക്കെതിരെ കേസ് കൊടുത്തത് ചൂണ്ടിക്കാട്ടി ആജ് തക് അവതാരകൻ പറഞ്ഞു.
ഇതിനിടെ, ആജ് തക് അവതാരകൻ സുധീർ ചൗധരിയുടെ അപകീർത്തികരമായ പരാമർശത്തിനെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം ഗോത്രവർഗ സംഘടനയായ റാഞ്ചിയിലെ ആദിവാസി സേന പോലീസിൽ പരാതി നൽകിയിട്ടുണ്ട്.