രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയത്തില്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്. പന്തം കൊളുത്തി പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന നിലപാടിലാണ് പോലീസ്. മാര്‍ച്ചിനായി ചെങ്കോട്ടയില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിവിധ സ്ഥലങ്ങളിലായി പ്രതിഷേധം തുടരുകയാണ്.
മുതിർന്ന നേതാവ് പി ചിദംബരത്തെയും ചെങ്കോട്ടയിൽ പോലീസ് തടഞ്ഞു, അവിടെ നിന്ന് ചാന്ദ്‌നി ചൗക്കിലെ ടൗൺ ഹാളിലേക്ക് പ്രതിഷേധ മാർച്ച് നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരടക്കമുള്ള നേതാക്കളെ പോലീസ് വലിച്ചിഴയ്ക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. നേതാക്കളെയടക്കം പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതോടെ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് എത്തി.
പ്രതിഷേധ പരിപാടികള്‍ രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കോട്ടയ്ക്ക് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ നീക്കം . രാത്രി 7 മണിക്കായിരുന്നു ചെങ്കോട്ടയില്‍ പന്തം കൊളുത്തി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. അന്തരീക്ഷ മലിനീകരണമടക്കമുള്ള കാരണം പറഞ്ഞാണ് പന്തം കൊളുത്തി പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചത്. വിലക്ക് ലംഘിച്ച് പ്രവര്‍ത്തകര്‍ പന്തം കൊളുത്തിയപ്പോള്‍ പോലീസ് പന്തങ്ങള്‍ പിടിച്ച് വാങ്ങി അണയ്ക്കുകയായിരുന്നു.