INDIA

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധം: ആന്ധ്രാപ്രദേശിൽ ഇന്ന് ടിഡിപി ബന്ദ്, പിന്തുണച്ച് ജെഎസ്പി

വെബ് ഡെസ്ക്

തെലുങ്കുദേശം പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശിൽ ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. പവൻ കല്യാണിന്റെ ജനസേന പാർട്ടിയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഴിമതിക്കേസിൽ അറസ്റ്റിലായ ചന്ദ്രബാബു നായിഡുവിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് വിജയവാഡ മെട്രോപോളിറ്റൻ കോടതി വിധിച്ചത്.

പാർട്ടി പ്രവർത്തകരും ജനങ്ങളും ബന്ദ് വിജയിപ്പിക്കണമെന്ന് ടിഡിപി എ പി പ്രസിഡന്റ് കെ അച്ചൻനായിഡു പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ആന്ധ്രാപ്രദേശിൽ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ജെഎസ്പി നേതാവ് പവൻ കല്യാൺ ആരോപിച്ചു. സംസ്ഥാനത്തെ വൈഎസ്ആർസിപി സർക്കാർ പ്രതിപക്ഷ പാർട്ടികളെ ഉപദ്രവിക്കുകയാണെന്നും കല്യാൺ കൂട്ടിച്ചേർത്തു. ബന്ദിൽ സമാധാനപരമായി പങ്കെടുക്കാൻ കല്യാൺ ജെഎസ്പി പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

അതിനിടെ, ചന്ദ്രബാബു നായിഡുവിനെ രാജമുണ്ട്രി സെൻട്രൽ ജയിലിലേക്ക് മാറ്റി. സെപ്റ്റംബർ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ചന്ദ്രബാബു നായിഡുവിന് വീട്ടിൽ പാകം ചെയ്ത ഭക്ഷണവും മരുന്നുകളും ജയിലിൽ പ്രത്യേക മുറിയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അനുവദിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

നൈപുണ്യ വികസന കോർപ്പറേഷനിൽ നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് 371 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തട്ടിപ്പ് കേസിലാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 9 നു പുലർച്ചെയാണ് കാരവനിൽ വിശ്രമിക്കുകയായിരുന്നു ചന്ദ്രബാബു നായിഡുവിനെ സിഐഡി അറസ്റ്റ് ചെയ്തത്.

സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്‌വെയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽനിന്ന് കോടികൾ തട്ടിയെന്നതാണ് നായിഡു ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ കേസ്. 2021ലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തൊഴിൽ രഹിതരായ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിഡിപി സർക്കാർ 2016-ൽ എ പി സ്റ്റേറ്റ് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എപിഎസ്എസ്‌ഡിസി) എന്ന പദ്ധതി ആരംഭിച്ചിരുന്നു. 3,300 കോടി രൂപയുടെ ഈ പദ്ധതിയിൽ അഴിമതി നടന്നുവെന്ന് കണ്ടെത്തിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. 

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും