കല്ലാക്കുറിച്ചി സംഘർഷം 
INDIA

സംഘര്‍ഷത്തിന് അയവില്ലാതെ കല്ലാക്കുറിച്ചി; സമാധാനത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

വെബ് ഡെസ്ക്

തമിഴ്നാട് കല്ലാക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നതോടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മരിച്ച വിദ്യാർത്ഥിനി പഠിച്ചിരുന്ന സ്വകാര്യ സ്കൂള്‍ പരിസരത്ത് നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു.സ്കൂള്‍ ബസടക്കം അന്‍പതോളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. പോലീസ് വാഹനത്തിനും പ്രതിഷേധക്കാര്‍ തീവെച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് ആകാശത്തേക്ക് വെടിവെച്ചു. പ്രതിഷേധിച്ച വിദ്യർത്ഥികളും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. കല്ലേറില്‍ ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. പ്രദേശം പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്.

സമാധാനം നിലനിർത്താന്‍ ജനങ്ങളോടെ അഭ്യര്‍ത്ഥിക്കുന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.അക്രമം ആശങ്കപ്പെടുത്തുന്നുവെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും ട്വീറ്റിലുണ്ട്. സമീപത്തെ ജില്ലകളില്‍ നിന്ന് കൂടുതല്‍ പോലീസ് കല്ലാക്കുറിച്ചിയിലെത്തും. തമിഴ്നാട് പോലീസ് മേധാവിയോടും ആഭ്യന്തര വകുപ്പ് സെക്രട്ടറിയോടും പ്രദേശത്ത് എത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിതല സംഘവും കല്ലാക്കുറിച്ചിയിലെത്തും.

ചിന്ന സേലത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനി ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്. രണ്ട് അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കുറിപ്പ് എഴുതിവെച്ചാണ് ആത്മഹത്യ. ബുധനാഴ്ച രാവിലെ സ്കൂള്‍ ഹോസ്റ്റല്‍ ഗ്രൗണ്ടിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട് വന്നതോടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ല.ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ സ്കൂള്‍ അധികൃതര്‍ തള്ളി. തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും ബുധനാഴ്ച കല്ലാക്കുറിച്ചി-സേലം ഹൈവേ ഉപരോധിച്ചു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയുടെ നീതി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടങ്ങിയത്.

ഞായറാഴ്ച ചിന്നസേലം-കല്ലാക്കുറിച്ചി റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം വിദ്യാർത്ഥിനി പഠിച്ച സ്കൂളിലേക്ക് നീങ്ങിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സ്കൂള്‍ പരിസരത്ത് കടന്ന് പ്രതിഷേധക്കാര്‍ സ്കൂള്‍ ബസുകള്‍ക്ക് തീവെച്ചു. ട്രാക്ടര്‍ കൊണ്ട് ഗ്രൗണ്ടിലുണ്ടായിരുന്ന വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു. പോലീസ് തടയാന്‍ ശ്രമിച്ചതോടെ കല്ലേറ് ശക്തമായി.

വിദ്യാർത്ഥിനിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാസപരിശോധനാഫലം പുറത്തുവന്നാലേ മരണകാരണം വ്യക്തമാകൂവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി