INDIA

മണിപ്പൂരില്‍ പ്രതിഷേധം ശക്തമാകുന്നു; ഇന്റര്‍നെറ്റ്, മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ നിര്‍ത്തിവെച്ച് അധികൃതര്‍

രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി

വെബ് ഡെസ്ക്

ജിരിബാമില്‍ തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്‍ പെട്ടവരെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ കൊലപാതകത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനം പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതമായി. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി.

നിയമസഭ സാമാജികരുടെ വീടുകള്‍ക്ക് നേരേയുണ്ടായ ആള്‍ക്കൂട്ട ആക്രമണം ജില്ലയില്‍ അനിശ്ചിതകാലത്തേക്ക് നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിലേക്ക് ഇംഫാല്‍ വെസ്റ്റ് ഭരണകൂടത്തെ എത്തിച്ചിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബാല്‍, കാക്ചിങ്, കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്‌റര്‍നെറ്റും മൊബൈല്‍ ഡേറ്റ സേവനങ്ങളും അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ ലാംഫെല്‍ സനാകീഥേല്‍ ഏരിയയിലെ വസതിയില്‍ ജനക്കൂട്ടം ഇരച്ചുകയറിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സഗോല്‍ബന്ദ് മേഖലയിലെ പ്രക്ഷോഭകര്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ പ്രതികരണം ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബിജെപി നിയമസഭാംഗം ആര്‍കെ ഇമോയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. മൂന്ന് പേരെ കൊലപ്പെടുത്തുകയും 'കുറ്റവാളികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കെയ്ഷാംതോംഗ് നിയോജക മണ്ഡലത്തിലെ സ്വതന്ത്ര നിയമസഭാംഗമായ സപം നിഷികാന്ത സിങ്ങിനെ ടിഡിം റോഡിലെ വസതിയിലെത്തിയ പ്രതിഷേധക്കാര്‍ അദ്ദേഹം സംസ്ഥാനത്ത് ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക പത്രത്തിന്റെ ഓഫീസ് കെട്ടിടം ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജിരിബാം ജില്ലയില്‍ നിന്ന് കാണാതായ ആറ് പേരില്‍ ഉള്‍പ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. നവംബര്‍ ആദ്യവാരത്തിലായിരുന്നു മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസം അതിര്‍ത്തിയോട് ചേര്‍ന്ന ജിരിബാമിലാണ് അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 7 മുതല്‍ 13 മരണങ്ങളും മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ അക്രമം വര്‍ധിച്ചതിന് പിന്നാലെ 2,500-ഓളം അധിക അര്‍ധസൈനികരെകൂടി സംസ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോള്‍ 29,000-ത്തിലധികം പേര്‍ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകകളെ വിന്യസിച്ചിട്ടുണ്ട്. സൈന്യവും അസം റൈഫിള്‍സും സുരക്ഷ ഉറപ്പിക്കാന്‍ രംഗത്തുണ്ട്.

അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍

ലക്ഷ്യം ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍; ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ വ്യോമാക്രമണവുമായി ഇസ്രയേല്‍

'ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഉദ്ദേശ്യമില്ല'; ബൈഡന്‍ ഭരണകൂടത്തിന് ഇറാന്റെ സന്ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

'3 സെക്കന്റ് ലൊക്കേഷന്‍ ദൃശ്യങ്ങൾക്ക് ആവശ്യപ്പെട്ടത് 10 കോടി; ധനുഷ് പക വീട്ടുന്നു': തുറന്നടിച്ച് നയൻതാര