ജനങ്ങൾക്ക് സംസ്ഥാന സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മണിപ്പൂരിലെ ഒരു വിഭാഗം ബിജെപി എംഎൽഎമാർ. പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് ബിരേൻ സിങ് സർക്കാരിനെതിരെ ബിജെപി എംഎൽഎമാർ നിലപാട് വ്യക്തമാക്കിയത്. മേയ്തി വിഭാഗത്തിൽ പെട്ട ഒൻപത് എംഎൽഎമാരാണ് സംസ്ഥാനത്തെ സ്ഥിതി വിശദീകരിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത്. അതേസമയം ബിജെപി എംഎൽഎമാരുടെ മറ്റൊരു സംഘം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
മേയ്ത് വിഭാഗത്തിൽ പെട്ട ഒൻപത് എംഎൽഎമാരാണ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതി. ഇതിൽ എട്ട് പേർ ബിജെപി എംഎൽഎമാരും ഒരാൾ സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രനുമാണ്. കരം ശ്യാം സിങ്, ടി രാധേശ്യാം സിങ്, നിഷികാന്ത് സിങ് സപം, കെ രഘുമണി സിങ്, എസ് ബ്രോജൻ സിങ്, ടി റോബിന്ദ്രോ സിങ്, എസ് രാജെൻ സിങ്, എസ് കെബി ദേവി, വൈ രാധേശ്യാം എന്നിവരാണ് ഒൻപത് എംഎൽഎമാർ. ഇവരിൽ കരം ശ്യാം സിങ്, ടി രാധേശ്യാം സിങ്, എസ് ബ്രോജൻ സിങ്, കെ രഘുമണി സിങ് എന്നീ നാല് പേർ ഏപ്രിലിൽ സർക്കാരിന്റെ വിവിധ ഭരണ-ഉപദേശക സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചത് സർക്കാരിനെതിരായ നീക്കമായി വ്യാഖ്യാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
“നിലവിലുള്ള അക്രമങ്ങളിൽ 100-ലധികം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുകയും വിലപ്പെട്ട സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും താഴെത്തട്ടിൽ സംഘർഷം അവസാനിക്കുന്നില്ല. സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായി തകർന്നിരിക്കുകയാണ്,” പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ എംഎൽഎമാർ ചൂണ്ടിക്കാട്ടി.
“നിലവിലെ സർക്കാരിലും ഭരണ സംവിധാനത്തിലും ജനങ്ങൾക്ക് വിശ്വാസമില്ല. നിലവിലെ സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം പൂർണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. നിയമവാഴ്ച പാലിച്ചുകൊണ്ട് നടപടികകൾ സ്വീകരിക്കുകയും ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ നടപടിയെടുക്കുകയും വേണം," എംഎൽഎമാർ വിശദീകരിച്ചു.
പ്രശ്നപരിഹാരം സാധ്യമാക്കാൻ ചില നിർദേശങ്ങളും നിവേദനത്തിൽ ഉണ്ട്. കുക്കി- മേയ്തി വിഭാഗങ്ങളിൽ പെട്ട എംഎൽഎമാർ തമ്മിലുള്ള ഫലപ്രദമായ ചർച്ച നടത്തുക, അർധസൈനിക വിഭാഗത്തെ കാര്യക്ഷമമായി വിന്യസിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സംഘം മുന്നോട്ടുവയ്ക്കുന്നത്. അതേസമയം പ്രത്യേക ഭരണ പ്രദേശമെന്ന ഒരു വിഭാഗത്തിന്റെയും ആവശ്യം അംഗീകരിക്കരുതെന്നും സംഘം ആവശ്യപ്പെട്ടു.
മേയ്തി വിഭാഗത്തില്‍ പെട്ട 30 എംഎൽഎമാരുടെ സംഘമാണ് പ്രതിരോധ- ധനമന്ത്രിമാരെ ഡല്‍ഹിയില്‍ കണ്ടത്. ഇതില്‍ 28 പേര്‍ ബിജെപിക്കാരും മറ്റ് രണ്ട് പേര്‍ എന്‍പിപി, ജെഡിയു എംഎല്‍എമാരുമാണ്. ഒരേ ദിവസം രണ്ട് വ്യത്യസ്ത രീതിയില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്, സംസ്ഥാന ബിജെപിയിലെ ഭിന്നത വെളിവാക്കുകയാണ്. എന്നാല്‍ ആശയവിനിമയത്തിലെ പോരായ്മ മാത്രമാണ് പ്രശ്‌നമായതെന്നും സംസ്ഥാ ബിജെപി ഒറ്റക്കെട്ടെന്നുമാണ് എംഎല്‍എമാരുടെ വിശദീകരണം.