അസിസ്റ്റന്റ് പ്രൊഫസർ സബ്യസാചി ദാസിന് പിന്നാലെ പ്രമുഖ സാമ്പത്തിക വിദഗ്ധൻ പുലാപ്രെ ബാലകൃഷ്ണനും അശോക സര്‍വകലാശാലയില്‍നിന്ന് രാജിവച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചുവെന്ന കണ്ടെത്തലുകളുള്ള തന്റെ ഗവേഷണ പ്രബന്ധം വിവാദമായതിനെത്തുടർന്നായിരുന്നു സബ്യസാചി ദാസിന്റെ രാജി. സഹപ്രവർത്തകനായ സബ്യസാചിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് പുലാപ്രെ ബാലകൃഷ്ണന്റെ രാജി. സബ്യസാചി ദാസിനെ തിരിച്ചെടുത്തില്ലെങ്കിൽ രാജിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി മറ്റ് അധ്യാപകർ ഗവേണിങ് ബോഡിക്ക് കത്തെഴുതുകയും ചെയ്തു.
എന്നാല്‍ ബാലകൃഷ്ണന്റെ രാജി വിവരം സര്‍വകലാശാല ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ രാജിക്കത്തും പുറത്തുവന്നിട്ടില്ല.
അശോക സർവകലാശാല സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ സബ്യസാചി ദാസ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആധാരമാക്കി സബ്യസാചി ദാസ് തയാറാക്കിയ 'ഡെമോക്രാറ്റിക് ബാക്ക്‌സ്ലൈഡിങ് ഇന്‍ ദ വേള്‍ഡ്‌സ് ലാര്‍ജസ്റ്റ് ഡെമോക്രസി' എന്ന പ്രബന്ധം ജൂലൈ 25നായിരുന്നു പ്രസിദ്ധീകരിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചില സീറ്റുകൾ സ്വന്തമാക്കിയത് കൃത്രിമത്വം നടത്തിയെന്നാണ് പ്രബന്ധത്തിലെ ആരോപണം.
പ്രബന്ധം ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിക്കുകയും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ പ്രബന്ധം സംബന്ധിച്ച് സര്‍വകലാശാലയും അതൃപ്തി പ്രകടിപ്പിച്ചതോടെ സബ്യസാചി ദാസ് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി സ്വീകരിച്ചതായി അശോക വൈസ് ചാന്‍സലര്‍ സോമക് റായ് ചൗധരി അറിയിച്ചിരുന്നു.
ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന മേഖലകളില്‍ പഠിപ്പിക്കാനും ഗവേഷണം നടത്താനും സ്വാതന്ത്ര്യമുണ്ട്. അക്കാദമിക് സ്വാതന്ത്ര്യത്തിന് ഏറ്റവും നല്ല അന്തരീക്ഷം ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല നല്‍കുന്നുണ്ട്. ഇത് ദാസിനും ബാധകമായിരുന്നുവെന്നും രാജിയെത്തുടര്‍ന്ന് സര്‍വകലാശാല വ്യക്തമാക്കി.
എന്നാല്‍ പ്രബന്ധം മൂലമുണ്ടായ വിവാദം സര്‍വകലാശാല കൈകാര്യം ചെയ്ത രീതിയാണ് സബ്യസാചിയെ പുറത്തുപോകാന്‍ പ്രേരിപ്പിച്ചതെന്ന് ആരോപണങ്ങളുണ്ട്. ഈ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ബാലകൃഷ്ണന്റെ രാജി. സബ്യസാചിയുടെ പ്രബന്ധത്തെ കയ്യൊഴിഞ്ഞ സർവകലാശാല, പിയര്‍ റിവ്യൂ ചെയ്യാത്തതിനാല്‍ പ്രബന്ധത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മലയാളിയായ പുലാപ്രെ ബാലകൃഷ്ണന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ഐഐഎം, ലോകബാങ്ക് എന്നിവിടങ്ങളില്‍ പ്രവർത്തിച്ച ശേഷം 2015 ലാണ് സ്വകാര്യ സർവകലാശാലയായ അശോകയിൽ ചേരുന്നത്. 2022 ല്‍ അശോക സര്‍വകലാശാലയുമായി സഹകരിച്ച് പെര്‍മനന്റ് ബ്ലാക്ക് പ്രസിദ്ധീകരിച്ച 'ഇന്ത്യാസ് എക്‌ണോമി ഫ്രം നെഹ്‌റു ടു മോദി' ഉള്‍പ്പെടെയുള്ള നിരവധി പ്രശസ്തമായ പുസ്തകങ്ങളുടെ രചയിതാവാണ്.
സബ്യസാചി ദാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജി മുന്നറിയിപ്പുമായി ഇംഗ്ലീഷ്, ക്രിയേറ്റീവ് റൈറ്റിങ് വിഭാഗങ്ങളിലെ അധ്യാപകരാണ് ഗവേണിങ് ബോഡിക്ക് കത്തെഴുതിയിരിക്കുന്നത്. സബ്യസാചി ദാസിനെ തിരിച്ചെടുക്കണമെന്ന് ഇരു ഡിപ്പാർട്ട്മെന്റുകളും ചേർന്ന് പുറത്തിറക്കിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മൺസൂൺ സെമസ്റ്ററിന് മുൻപ് ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ അധ്യാപകർ എന്ന നിലയിലെ ബാധ്യതകൾ നിർവഹിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ പുലാപ്രെ ബാലകൃഷ്ണന്റെ രാജിയിലോ അധ്യാപകരുടെ ആവശ്യത്തിലോ സർവകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല.