2022 ലെ പുലിറ്റ്സര്‍ പുരസ്കാര ജേതാവും ഫോട്ടോ ജേർണലിസ്റ്റുമായ സന്ന ഇർഷാദ് മാട്ടുവിന് വീണ്ടും വിദേശ യാത്രാവിലക്ക്. നിയമാനുസൃതമായ യുഎസ് വിസയും ടിക്കറ്റും കയ്യിലുണ്ടായിട്ടും ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പുലിറ്റ്സർ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. ഇത് രണ്ടാം തവണയാണ് സന്നയ്ക്ക് ഇത്തരത്തിലുള്ള അനുഭവം.
ന്യൂയോർക്കിലേക്കുള്ള യാത്ര വിലക്കിയെന്ന വിവരം സന്ന ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുകയെന്നത് തനിക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിച്ച അവസരമായിരുന്നെന്ന് സന്ന ഫേസ്ബുക്കില്‍ കുറിച്ചു. ഈ വർഷം ജൂലൈയിലും സമാന അനുഭവം നേരിട്ടിരുന്നു. പാരീസില്‍ ഒരു പുസ്തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനും പങ്കെടുക്കാനായി പുറപ്പെട്ട സന്നയെ ഡല്‍ഹിയില്‍ ഇമിഗ്രേഷന്‍ അധികൃതർ തടഞ്ഞിരുന്നു. ഫ്രഞ്ച് വിസ കൈവശമുണ്ടായിട്ടും പാരീസിലേക്ക് യാത്ര ചെയ്യുന്നതിനാണ് അന്ന് വിലക്കേർപ്പെടുത്തിയത്.
2022 മെയ് മാസത്തിലാണ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ സന്നയ്ക്ക് ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചത്. റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയുടെ ചിത്രങ്ങള്‍ക്കാണ് പുരസ്കാരം. അന്തരിച്ച പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ധീഖി, അമിത് ദവെ, അദ്‌നാന്‍ ആബിദി എന്നിവരുള്‍പ്പെടെയുള്ള റോയിട്ടേഴ്‌സ് ടീമുമായാണ് സന്ന അവാര്‍ഡ് പങ്കിട്ടത്.