INDIA

ഇന്റലിജന്‍സ് വീഴ്ച, കാലതാമസം; പുൽവാമയിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സത്യപാല്‍ മാലിക്: തന്നെ പൂട്ടിയിട്ടെന്ന് രാഹുൽ ഗാന്ധി

എയർപോർട്ടിൽ നടന്നത് ഒരു ഇവന്റ് ആണെന്നാണ് തോന്നിയതെന്നും പ്രധാനമന്ത്രിയവിടെ ഉണ്ടായിരുന്നെന്നും രാഹുൽ

വെബ് ഡെസ്ക്

നാല്‍പത് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെടാനിടയായ 2019 ലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ രാഷ്ട്രീയത്തെ ഉലയ്ക്കുന്ന ആരോപണങ്ങളുായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികും. രാഹുല്‍ ഗാന്ധി പങ്കുവച്ച സത്യപാല്‍ മാലികുമായുള്ള സംഭാഷണത്തിന്റെ വീഡിയോയിലാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളുമായി ഇരുവരം രംഗത്തെത്തിയത്.

പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ മരണം കേന്ദ്ര സര്‍ക്കാര്‍ ഒരു ഇവന്റ് പോലെ നടപ്പാക്കിയെന്നും ജവാന്‍ മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം. പുൽവാമയിൽ കേന്ദ്ര സർക്കാരിന് വീഴ്ചപറ്റിയെന്ന് സത്യപാൽ മാലിക്കും ആരോപിച്ചു. പുല്‍വാമ വിഷയത്തിന് പുറമെ അദാനി, മണിപ്പൂര്‍ വിഷയങ്ങളിലൂന്നിയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.

ആക്രമണം നടന്ന് മൂന്നാം ദിനം പ്രധാനമന്ത്രി തന്നെ ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് പ്രസംഗിച്ചു
സത്യപാല്‍ മാലിക്

പുൽവാമ ഭീകരാക്രമണം നടക്കാൻ കാരണം സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചകളാണെന്നും സത്യപാൽ മാലിക് ആരോപിച്ചു. സൈനികരുടെ സുരക്ഷ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചു. സൈനികർക്ക് സഞ്ചരിക്കാൻ അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അധികൃതര്‍ക്ക് മുന്നില്‍ മാസങ്ങളോളം കെട്ടിക്കിടന്നു. തീരുമാനത്തിലെ കാലതാമസം മൂലമാണ് സൈനികര്‍ക്ക് റോഡ് മാർഗ്ഗം സഞ്ചരിക്കേണ്ടി വന്നതിനുള്ള കാരണമെന്നും സത്യപാൽ മാലിക് പറയുന്നു. പാകിസ്താനിൽ നിന്ന് വന്ന സ്പോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നിരിക്കെ, സംഭവത്തിൽ നടന്ന ഇന്റലിജൻസ് വീഴ്ച്ച വളരെ വലുതാണെന്നും സത്യപാൽ മാലിക് പറയുന്നു.

പുല്‍വാമയില്‍ വീഴ്ച സംഭവിച്ചെന്ന വിഷയത്തില്‍ പല കാര്യങ്ങളും വെളിപ്പെടുത്താതിരുന്നത് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ അത് ബാധിക്കുമോ എന്ന് കരുതിയായിരുന്നു. എന്നാൽ കാര്യമായ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല. എന്നാല്‍ ആക്രമണം നടന്ന് മൂന്നാം ദിനം പ്രധാനമന്ത്രി തന്നെ ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് പ്രസംഗിച്ചെന്നും സത്യപാല്‍ മാലിക് ആരോപിക്കുന്നു.

പാകിസ്താനിൽ നിന്നയച്ച സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് 10-12 ദിവസങ്ങൾ കശ്മീർ താഴ്‌വരയിൽ ചുറ്റിത്തിരിഞ്ഞു. ട്രക്ക് ഡ്രൈവർക്ക് ഭീകരവാദ ബന്ധമുണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇന്റലിജൻസ് സംവിധാനത്തിന് ഇത് അറിയാൻ കഴിയാതെപോയി. എന്ന ചോദ്യവും സത്യപാല്‍ മാലിക് ഉയര്‍ത്തുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി തനിക്ക് നേരിട്ട അനുഭവം പങ്കുവച്ചത്.

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ വിമാനത്താവളത്തിൽ പൂട്ടിയിട്ടു. പ്രധാനമന്ത്രി അവിടെ ഉണ്ടായിരുന്നതിനാലാകാം അങ്ങനെ ചെയ്തത്. മുറിയിൽനിന്നും പുറത്തിറങ്ങാൻ പാടുപെട്ടു. വളരെ മോശമായ അനുഭവമായിരുന്നു അത്’’– രാഹുൽ പറഞ്ഞു. 

കശ്മീരിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കാത്തതാണ് അദാനിക്ക് കർഷകരിൽ നിന്ന് ചെറിയ വിലയ്ക്ക് സാധനങ്ങൾ വാങ്ങാനും, വലിയ തുകയ്ക്ക് പുറത്ത് വിൽക്കാനും സാധിക്കുന്നതെന്നും സത്യപാൽ മാലിക് ആക്ഷേപിച്ചു. അദാനി ഗ്രൂപ്പ് കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. താങ്ങുവില പ്രഖ്യാപിച്ചാൽ തുച്ഛമായ വിലയ്ക്ക് കർഷകർക്ക് വിളകൾ വിൽക്കേണ്ടി വരില്ല. മണിപ്പുരിൽ സർക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇതാണ് സാഹചര്യങ്ങള്‍ രൂക്ഷമാക്കിയത്. വീണ്ടുമൊരു എന്‍ഡിഎ സർക്കാർ അധികാരത്തിൽ വരില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സത്യപാല്‍ മാലിക് ആരോപിച്ചു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍