INDIA

പുല്‍വാമ ഭീകരാക്രമണം: നീണ്ട വാഹനവ്യൂഹവും ഇന്റലിജൻസ് പരാജയവും കാരണമായെന്ന് സിആര്‍പിഎഫ് റിപ്പോർട്ട്

വെബ് ഡെസ്ക്

പുല്‍വാമയിൽ 40 ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ കോൺവോയ് വാഹനങ്ങളുടെ എണ്ണം കൂടിയതിലേക്കും ഇന്റലിജൻസ് പരാജയത്തിലേക്കും വിരൽ ചൂണ്ടി സിആർപിഎഫിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. 78 വാഹനങ്ങളാണ് സിആർപിഎഫ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. ഇത് അസാധാരണമാം വിധം നീളം കൂടിയതാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

സൈനികരെ കൊണ്ടുപോകുന്നതിന് സിആർപിഎഫ് ആഭ്യന്തര വകുപ്പിനോട് അഞ്ച് വിമാനം ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കിയില്ലെന്നും ഇതുമൂലം ജവാന്മാർക്ക് റോഡ് മാർഗം കോൺവോയ് ആയി സഞ്ചരിക്കേണ്ടി വന്നുവെന്നും ഇത് ഭീകരാക്രമണത്തിലേക്കു വഴിവച്ചുവെന്ന് ജമ്മുകശ്മീരിലെ അന്നത്തെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. സംഭവത്തിനുശേഷം, ജമ്മുകശ്മീരില്‍ നിയമിക്കപ്പെടുന്ന മുഴുവന്‍ സൈനികര്‍ക്കും വിമാനയാത്രാ സൗകര്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു.

2019 ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയിൽ സിആർപിഎഫ് ജവാന്മാർക്കുനേരെ ആക്രണം നടന്നത്

2019 ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയിൽ സിആർപിഎഫ് ജവാന്മാർക്കുനേരെ ആക്രണം നടന്നത്. വാഹനവ്യൂഹത്തിലേക്ക് അക്രമികൾ കാർ ഇടിച്ചുകയറ്റുകയായിരുന്നു. വാഹനവ്യൂഹത്തിന്റെ നീളം കൂടിയതാണ് സംഘത്തിന്റെ ദിശ അക്രമികൾക്ക് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചതെന്നും അത് ആക്രമണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തിനു മുൻപ്, മഞ്ഞുവീഴ്ച കാരണം ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ദിവസങ്ങളായി വാഹനഗതാഗതം നിലച്ചിരിക്കുകയായിരുന്നു.

ഉച്ചകഴിഞ്ഞ് 3.30 ഓടെ, പുല്‍വാമയിലൂടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍, ഹൈവേയില്‍ വന്ന ഒരു കാര്‍, കോണ്‍വോയിലെ അഞ്ചാമത്തെ ബസിലേയ്ക്ക് ഓടിച്ചുകയറ്റിയശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണമുണ്ടായേക്കാമെന്നതു സംബന്ധിച്ച് നിരവധ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭ്യമായിരുന്നെങ്കിലും ഇതൊന്നും വാഹനവ്യൂഹത്തിലുള്ളവെര അറിയിച്ചില്ലെന്നാണ് സിആര്‍പിഎഫ് അന്വേഷണത്തിലെ കണ്ടെത്തല്‍. റിപ്പോർട്ടിലെ വിവരങ്ങൾ സംബന്ധിച്ച പ്രതികരണത്തിനായി സിആര്‍പിഎഫ് ഡിജിയെയും എഡിജിയെയും ഫോണില്‍ ബന്ധപ്പെട്ടെന്നും പ്രതികരണം ലഭ്യമായില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

ആക്രണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദിനേയും പാകിസ്താനുമാണെന്ന് ചൂണ്ടിക്കാട്ടി 13800 പേജുള്ള എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ആക്രണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദും പാകിസ്താനുമാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ 13800 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 35 കിലോ ആര്‍ഡിഎക്സ് ഉള്‍പ്പെടെ 200 കിലോ സ്ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പറയുന്നു.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹർ, സഹോദരങ്ങളായ റൗഫ് അസ്ഹര്‍, അമ്മാര്‍ അല്‍വി മരുമകൻ മുഹമ്മദ് ഉമര്‍ ഫാറൂഖ് എന്നിവർ ഉൾപ്പെടെ 19 പേരാണ് എൻഐഎ പ്രതിപ്പട്ടികയിലുള്ളത്. 2018 ഏപ്രിലില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയും പുല്‍വാമ ആക്രമണത്തിന് ശേഷം 2019 മാര്‍ച്ചില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്ത ഹമ്മദ് ഉമര്‍ ഫാറൂഖാണ് ആക്രമണത്തിന്റെ പ്രധാന ആസൂത്രകനെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

1999ല്‍ എയര്‍ ഇന്ത്യ വിമാനം കാണ്ഡഹാറിലേക്കു റാഞ്ചിയ മുഹമ്മദ് ഇബ്രാഹിം അതറിന്റെ മകനാണ് ഫാറൂഖ്. ഇന്ത്യയില്‍ ജയിലിലായിരുന്ന മസൂദ് അസ്ഹറിന്റെ മോചിപ്പിക്കാനിടയാക്കിയത് കാണ്ഡഹാര്‍ സംഭവമായിരുന്നു.

ജമ്മുവിലെ സാംബ സെക്ടറിലെ രാജ്യാന്തര അതിർത്തിയിലെ തുരങ്കം വഴി ഉമർ ഫാറൂഖ് ഉൾപ്പെടെയുള്ള അഞ്ച് തീവ്രവാദികൾ ഇന്ത്യയിലേക്കു കടന്നതിനുള്ള തെളിവുകൾ എൻഐഎ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്.

ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം നിരസിച്ചുവെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മറച്ചുവയ്ക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്നും സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയിരുന്നു

ആക്രമണ സമയത്ത്, പാകിസ്താനിലെ നമ്പറുകളും ഫാറൂഖിന്റെയും കൂട്ടാളികളുടെയും നമ്പരുകളും തമ്മില്‍ നൂറുകണക്കിന് വാട്ട്സ്ആപ്പ് കോളുകള്‍ നടത്തിയതായി എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്. പാകിസ്താനിലെ ഈ നമ്പറുകളുടെ ലൊക്കേഷനുകള്‍ നല്‍കാന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞിരുന്നു. ഇതിന് പുറമെ, ഫാറൂഖിന്റെ ചിത്രവും അദ്ദേഹത്തിന്റെ വിവരങ്ങളും പാകിസ്താന്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് എന്നെഴുതിയ തിരിച്ചറിയല്‍ കാര്‍ഡും എന്‍ഐഎ ഹാജരാക്കിയിരുന്നു.

പുൽവാമയിൽ 40 ജവാന്മാരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ, മുൻ ഗവർണർ സത്യപാൽ മാലിക്കിന്റ വെളിപ്പെടുത്തിലിനെത്തുടർന്ന കേന്ദ്രത്തിനെതിരെ രൂക്ഷവിമർശമാണ് പ്രതിപക്ഷം ഉയർത്തിയിരുക്കുന്നത്.

ജവാന്മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് വിമാനങ്ങൾ ആവശ്യപ്പെട്ടെന്നും ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നുവെന്നുമായിരുന്നു മാലിക്കിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം താൻ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മറച്ചുവയ്ക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദി വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും