INDIA

കാര്‍ഷിക നയം: മുഖ്യമന്ത്രിയുടെ ഉറപ്പിനു പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ച് പഞ്ചാബിലെ കര്‍ഷകര്‍

വെബ് ഡെസ്ക്

പഞ്ചാബില്‍ പുതിയ കാര്‍ഷിക നയം നടപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. സെപ്റ്റംബര്‍ 30-നകം നയത്തിന്റെ കരട് കര്‍ഷകര്‍ക്ക് നല്‍കാമെന്നും അവരുടെ അഭിപ്രായങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടിന് സമരം അവസാനിപ്പിച്ചെന്നും പുതിയ കാര്‍ഷിക നയത്തിന്റെ പകര്‍പ്പിനായി കാത്തിരിക്കുകയാണെന്നും സമരത്തിനു നേതൃത്വം നല്‍കിയ ഭാരതി കിസാന്‍ യൂണിയന്‍ (ഉഗ്രഹന്‍) പ്രസിഡന്റ് ജോഗീന്ദര്‍ സിങ് ഉഗ്രഹന്‍ പറഞ്ഞു. കര്‍ഷക പ്രതിഷേധം നയിച്ച ഭാരതി കിസാന്‍ യൂണിയന്‍ (ഉഗ്രഹന്‍), പഞ്ചാബ് ഖേത് മസ്ദൂര്‍ യൂണിയന്‍ എന്നിവയുടെ നേതാക്കളുമായി മന്‍ വ്യാഴാഴ്ച രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു.

ഈ സംഘടനകളുടെ കീഴിലുള്ള കര്‍ഷകര്‍, കാര്‍ഷിക നയം നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഞായറാഴ്ചയാണ് അഞ്ച് ദിവസത്തെ പ്രതിഷേധം ആരംഭിച്ചത്. കാര്‍ഷിക നയം പരസ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോഗീന്ദര്‍ സിങ് പറഞ്ഞു. സെപ്റ്റംബര്‍ 30 ന് പോളിസിയുടെ പകര്‍പ്പ് ലഭിച്ച ശേഷം, യോഗംനടത്തി അടുത്ത നടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ കാര്‍ഷിക നയം ഈ ദിശയിലുള്ള മുന്നേറ്റമാകും.

നയത്തിന്റെ കരട് തയാറായെങ്കിലും കര്‍ഷകരുമായി ആലോചിച്ച ശേഷമേ അന്തിമരൂപം നല്‍കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുടെ മേല്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ കര്‍ഷകരുടെ നിര്‍ദ്ദേശങ്ങള്‍ നയത്തില്‍ ഉള്‍പ്പെടുത്തുമെന്നും കൃഷി ലാഭകരമായ ഒരു സംരംഭമാക്കി മാറ്റുന്നതിന് അവരുമായി കൂടിയാലോചിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്‍ പറഞ്ഞു. 1,600 പേജുള്ളതാണ് നയത്തിന്റെ കരട്. രാസ രഹിത വിളകള്‍ പ്രോത്സാഹിപ്പിക്കുക, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ എന്നിവ അടങ്ങുന്നതാണിത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം