പഞ്ചാബില്‍ ഖലിസ്ഥാൻ വാദിയായ വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാല്‍ സിങ് അറസ്റ്റിലെന്ന് അഭ്യൂഹം. ഇയാളുടെ ആറ് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് നാളെ ഉച്ചയ്ക്ക് 12 വരെ പഞ്ചാബ് മുഴുവനും ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. മോഗ ജില്ലയിൽ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ അമൃത്പാൽ സിങ്ങിനെയും അനുയായികളെയും പിന്തുടർന്ന് മെഹത്പൂർ ഗ്രാമത്തിലെ ജലന്ധറിലെ ഷാഹ്‌കോട്ടിൽ വച്ച് വളഞ്ഞു പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമൃത്പാൽ സിങ്ങിന്റെ സന്ദർശന വിവരം മുൻകൂട്ടി അറിഞ്ഞ പോലീസ് എല്ലാ റോഡുകളും അടച്ച് കൂറ്റൻ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഗ്രാമത്തിലെ എല്ലാ റോഡുകളും പോലീസ് നേരത്തെ തന്നെ അടച്ചിരുന്നു. തീവ്ര വിഘടനവാദി നേതാവായ അമൃത്പാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി പഞ്ചാബിൽ സജീവമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ച നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധു ആരംഭിച്ച 'വാരിസ് പഞ്ചാബ് ദേ' എന്ന വിഘടന വാദി സംഘടനയെ നയിക്കുന്നത് അമൃത്പാൽ സിങ്ങായിരുന്നു.
ജി20 പരിപാടി അവസാനിക്കാനായി സംസ്ഥാന സർക്കാർ കാത്തിരിക്കുകയായിരുന്നു അമൃത്പാൽ സിങ്ങിനെതിരെ നടപടിയെടുക്കാനെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അമൃത്പാലിന്റെ അനുയായിയായ ലവ്പ്രീത് തൂഫാനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതിരുന്നു. പിന്നാലെയാണ് പഞ്ചാബിലെ അമൃത്സറിൽ വൻ സംഘർഷമുണ്ടായത്. അമൃത്പാൽ സിങ്ങും അനുയായികളും പോലീസ് ബാരിക്കേഡുകൾ ഭേദിച്ച് ആയുധങ്ങൾ കാട്ടി അജ്‌നാല പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയിരുന്നു. അമൃത്പാലിനെ നിശിതമായി വിമർശിച്ച് വന്നിരുന്ന വരീന്ദർ സിങ്ങിനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് ലവ്പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
പഞ്ചാബിനെ ഒരു പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് 1980കളിലും 90കളിലും പഞ്ചാബിൽ വിഘടനവാദം വളർത്തിയത് ഭിന്ദ്രൻവാല എന്ന സിഖ് മത പ്രഭാഷകനാണ്
ജർണയിൽ സിങ് ഭിന്ദ്രൻവാല എന്ന സിഖ് മത പ്രഭാഷകനാണ് ഖലിസ്ഥാൻ വാദം ശക്തമായി ഉയർത്തിയത്. പഞ്ചാബിനെ ഒരു പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് 1980കളിലും 90കളിലും പഞ്ചാബിൽ വിഘടനവാദം വളർത്തിയത് ഇയാളായിരുന്നു. പഞ്ചാബിൽ വർഷങ്ങളായി തുടരുന്ന മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിഷയം ഉയർത്തിക്കാട്ടിയാണ് അമൃത്പാൽ സിംങ് രംഗത്ത് വരുന്നത്. മയക്കുമരുന്ന് വ്യാപകമായി സംസ്ഥാനത്ത് എത്തുന്നത്, സിഖുകാരെ അടിമകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്നാണ് ഖലിസ്ഥാൻ അനുകൂല സംഘടനകളുടെ വാദം. ഇതിനുളള പരിഹാരമായി വിഘടനവാദികൾ മുന്നോട്ട് വയ്ക്കുന്നതും സിഖ് രാഷ്ട്രം എന്ന ആശയം തന്നെയാണ്.