INDIA

നാല് പതിറ്റാണ്ടിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നു; സംഘത്തിൽ പാമ്പ് പിടുത്ത വിദഗ്ധരും

വെബ് ഡെസ്ക്

നാല് പതിറ്റാണ്ടിന് ശേഷം ഒഡിഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നു. ഇന്ന് ഉച്ചയോടെയാണ് ഭണ്ഡാരം തുറന്നത്. 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന രത്നഭണ്ഡാരം 46 വർഷങ്ങൾക്ക് മുൻപാണ് അവസാനമായി തുറന്നത്. 2018 ൽ തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും താക്കോൽ കളഞ്ഞുപോയതിനാൽ അത് നടന്നിട്ടില്ല. ഭണ്ഡാരത്തിന്റെ താക്കോൽ കളഞ്ഞുപോയത് ഒഡിഷയിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഒഡീഷ സർക്കാർ രൂപീകരിച്ച 11 അംഗ കമ്മിറ്റിയിലെ അംഗങ്ങൾ ആണ് ഇന്ന് ഭണ്ഡാരം തുറന്നത്. മുൻ ഒറീസ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥ്, ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്‌ട്രേഷൻ (എസ്‌ജെടിഎ) ചീഫ് അഡ്മിനിസ്‌ട്രേറ്റർ അരബിന്ദ പാധി, എഎസ്ഐ സൂപ്രണ്ട് ഡി ബി ഗഡനായക്, ഗജപതി മഹാരാജിൻ്റെ (പുരിയുടെ പഴയ രാജകുടുംബം) പ്രതിനിധിയും ക്ഷേത്ര സേവകരുടെ സമൂഹത്തിൽ നിന്നുള്ള നാല് പേരും അടങ്ങുന്നതാണ് സംഘം. ഭണ്ഡാരം പരിശോധിക്കാനും ഉള്ളിലെ വസ്തുക്കളുടെ അളവെടുക്കാനുമാണ് നിലവിൽ അറ തുറക്കുന്നത്.

ഉള്ളിൽ 454 സ്വർണ വസ്തുക്കളും (128.38 കിലോഗ്രാം) 293 വെള്ളി സാമഗ്രികളും (221.53 കിലോഗ്രാം) ഉണ്ടെന്നാണു കണക്ക്.

ഉള്ളിൽ പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയം ഉള്ളതിനാൽ പാമ്പ് പിടുത്തക്കാരെയും മെഡിക്കൽ സംഘത്തെയും പുറത്ത് സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ഇവരെ ആവശ്യമുണ്ടെങ്കിൽ മാത്രമേ ഉള്ളിലേക്ക് കടത്തുകയുള്ളു. സാങ്കേതിക സംഘത്തെയും പൂട്ട് പൊളിക്കുന്നതിൽ വൈദഗ്ധ്യം ഉള്ളവരെയും തയാറാക്കി നിർത്തും. 46 വർഷങ്ങൾക്ക് ശേഷമാണ് ഭണ്ഡാരം തുറക്കുന്നതെന്നതിനാൽ ക്ഷേത്രം ഇന്ന് അടച്ചിട്ടിരിക്കുകയാണ്. പുരിയിൽ ചേർന്ന കമ്മിറ്റി യോഗത്തിലാണ് ഭണ്ഡാരം തുറക്കുന്നത് സംബന്ധിച്ച തീരുമാനം എടുത്തത്.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ ആരാധനാമൂർത്തികളായ ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര ദേവി എന്നിവർക്കായി നൂറ്റാണ്ടുകളായി ഭക്തരും പണ്ടത്തെ പ്രബലരായ രാജാക്കന്മാരും സംഭാവന ചെയ്ത വിലയേറിയ സമ്മാനങ്ങളും സ്വത്തുക്കളുമാണ് രത്ന ഭണ്ഡാരത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇതിന് ഭിതർ ഭണ്ഡാർ (അകത്തെ അറ), ബഹാര ഭണ്ഡാർ (പുറത്തെ അറ) എന്നിങ്ങനെ രണ്ട് അറകൾ ആണുള്ളത്. വാർഷിക രഥയാത്രയുടെ ഭാഗമായി പുറത്തെ അറ പതിവായി തുറക്കാറുണ്ട്.

എന്നാൽ രത്നഭണ്ഡാരം അവസാനമായി തുറന്നത് 1978-ലാണ്. 1985-ൽ വീണ്ടും അകത്ത് പ്രവേശിച്ചിരുന്നെങ്കിലും പ്രധാന അറകൾ തുറന്നിരുന്നില്ല.

അകത്തെ രത്നഭണ്ഡാരത്തിൻ്റെ ഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരിൻ്റെ മുൻഗണനയാണെന്നും ഇത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ചെയ്യുമെന്നും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് എസ്ജെടിഎ ചീഫ് അഡ്മിനിസ്ട്രേറ്റർ അർബിന്ദ പാധി പറഞ്ഞു. ആഭരണങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും ഇൻവെൻ്ററി നടപടികൾ പിന്നീടുള്ള ഘട്ടത്തിൽ ചെയ്യുമെന്നും ഇതിനായി സംസ്ഥാന സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും തയ്യാറാക്കിയിട്ടുണ്ടെന്ന് എസ്ജെടിഎ ചീഫ് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

ഇൻവെൻ്ററി പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ ഒഡീഷ സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) സഹായം തേടുന്നതായി സംസ്ഥാന നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

ഭണ്ഡാരത്തിന്റെ താക്കോൽ നഷ്ടപ്പെട്ടത് ഒഡിഷയിൽ വലിയ രോഷത്തിന് കാരണമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി വിഷയം വലിയ വിവാദം സൃഷ്ടിച്ചു. മെയ് 20 ന് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ താക്കോൽ തമിഴ്‌നാട്ടിലേക്ക് കടത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം. നവീൻ പ്ടനായിക്കിന്റെ അടുത്ത അനുയായിയായ വി കെ പാണ്ഡ്യനെ ലക്‌ഷ്യം വെച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?