എൽ കെ അദ്വാനി, കർപ്പൂരി താർക്കൂർ എന്നിവർക്കു പിന്നാലെ മൂന്നുപേർക്കു കൂടി ഭാരതരത്ന. മുൻ പ്രധാനമന്ത്രിമാരായിരുന്ന പി വി നരസിംഹ റാവു, ചരൺ സിങ്, പരിസ്ഥിതി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവരാണ് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹരായിരിക്കുന്നത്. മൂന്നുപേർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
ഭാരതരത്ന നേടുന്ന രണ്ടാമത്തെ മലയാളിയാണ് ഹരിതവിപ്ലവത്തിന്റെ പിതാവായ എം എസ് സ്വാമിനാഥൻ. തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും നടനുമായ എംജിആർ (എം ജി രാമചന്ദ്രൻ) ആണ് ഇതിനു മുമ്പ് ഭാരതരത്ന ലഭിച്ച മലയാളി.
തിരഞ്ഞെടുപ്പ് വർഷം അഞ്ച് ഭാരതരത്നയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ നാലുപേരും രാഷ്ട്രീയക്കാരാണ്. പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ഇവരെ ബഹുമതിക്ക് തിരഞ്ഞെടുത്തിനുപിന്നിലെ ബിജെപിയുടെ ലക്ഷ്യവും ചർച്ചയായിക്കഴിഞ്ഞു.
ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്ന വർഷം തന്നെ പി വി നരസിംഹ റാവുവിന് ഭാരതരത്ന നൽകുന്നു എന്നത് ശ്രദ്ധേയമാണ്. കർസേവകർ ബാബരി മസ്ജിദ് തകർക്കുന്ന സമയത്ത് കോൺഗ്രസുകാരനായ നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി. ബാബരി മസ്ജിദ് തകർക്കാൻ നരസിംഹ റാവു മൗനാനുവാദം നൽകിയെന്നും കർസേവകരെ തടയാൻ ഇടപെട്ടില്ലെന്നുമുള്ള ആരോപണം അന്ന് മുതൽ തന്നെ ഉയർന്നതാണ്.
സ്വതന്ത്ര ഇന്ത്യയുടെ ഒൻപതാമത് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു, കേന്ദ്രമന്ത്രി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് ഹേതുവായ ആഗോളീകരണ-ഉദാരീകരണ നയങ്ങളുടെ തുടക്കക്കാരൻ എന്ന നിലയിലും നരസിംഹറാവു അറിയപ്പെടുന്നു. ഇന്ത്യൻ പ്രധാനമന്ത്രിമാർക്കിടയിലെ ചാണക്യൻ എന്ന് വിശേഷണമുള്ള നരസിംഹ റാവു 17 ഭാഷകളിൽ വൈദഗ്ധ്യമുള്ള വ്യക്തികൂടിയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ചരൺ സിങ്ങിന് ഭാരതരത്ന പ്രഖ്യാപിച്ചതും രാഷ്ട്രീയലക്ഷ്യങ്ങളുമായാണെന്ന വിലയിരുത്തൽ വന്നുകഴിഞ്ഞു. ചരൺ സിങ്ങിന്റെ മകൻ അജിത് സിങ് രൂപീകരിച്ച രാഷ്ട്രീയ ലോക്‌ദൾ (ആർഎൽഡി) എൻഡിഎ യിലേക്ക് കൂടുമാറുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ആർഎൽഡിക്ക് ഉത്തർപ്രദേശിൽ രണ്ട് ലോക്‌സഭാ സീറ്റ് ബിജെപി നൽകുമെന്നാണ് വാർത്തകൾ. രണ്ട് രാജ്യസഭാ സീറ്റും ആർഎൽഡിക്ക് ലഭിക്കും. ഇത്തവണ യുപിയിൽ സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിനെതിരെ വൻ മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന ചരൺ സിങ് സ്വാതന്ത്ര്യസമര സേനാനികൂടിയാണ്. കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം പിന്നീട് പാർട്ടിവിട്ട് യു പി മുഖ്യമന്ത്രിയായി. യുപിയിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയാണ് ചരൺസിങ്.
ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അന്തരിച്ചത്. ആഗ്രോണമിസ്റ്റ്, കാര്‍ഷിക ശാസ്ത്രജ്ഞന്‍, സസ്യ ജനിതകശാസ്ത്രജ്ഞന്‍ എന്നീ നിലയില്‍ പ്രശസ്തനായിരുന്നു. ഗോതമ്പിന്റെയും അരിയുടെയും ഉയർന്ന വിളവ് തരുന്ന ഇനങ്ങൾ അവതരിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും നേതൃത്വവും പങ്കുമാണ് ഹരിതവിപ്ലവത്തിന്റെ പിതാവെന്ന മേല്‍വിലാസത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
ഈ വർഷം ഭാരതരത്ന ലഭിച്ച മറ്റു രണ്ടുപേർ, സോഷ്യലിസ്റ്റ് നേതാവ് കർപൂരി താക്കൂറും ബിജെപി നേതാവ് എൽ കെ അദ്വാനിയുമായിരുന്നു. അദ്വാനിക്ക് ഭാരതരത്ന നൽകണമെങ്കിൽ ബിജെപിക്ക് അത് നേരത്തെ തന്നെ ആകാമായിരുന്നു എന്നാൽ രാമക്ഷേത്രം പ്രതിഷ്ഠിക്കപ്പെടുന്ന ഈ വർഷം തന്നെ തിരഞ്ഞെടുത്തത് രഥയാത്രയുടെയും കർസേവയുടെയും ഉപകാരസ്മരണയാണ് എന്ന വിമർശനം അപ്പോൾ തന്നെ ഉയർന്നിരുന്നു.
കർപൂരി താക്കൂറാണെങ്കിൽ ബിഹാറിലെ സോഷ്യലിസ്റ്റ് മുഖമാണ്. 'ജനനായക്' എന്നറിയപ്പെടുന്ന കർപൂരി താക്കൂറിനെ ഭാരതരത്ന നൽകി ആദരിക്കുന്നതിലൂടെ പ്രതിപക്ഷ സഖ്യത്തിന്റെ ഓബിസി രാഷ്ട്രീയം പൊളിക്കുകയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന വായനകൾ വന്നയുടനെയായിരുന്നു നിതീഷ് കുമാറിന്റെ എൻഡിഎ പ്രവേശനം. നിതീഷ് ഉൾപ്പെടെ ബിഹാറിൽനിന്നുള്ള നിരവധി നേതാക്കളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു കർപൂരി താക്കൂറിന് ഭാരതരത്ന നൽകുകയെന്നത്. കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറക്കണമെന്ന് മനക്കോട്ടകെട്ടുന്ന ബിജെപി ഒരു മലയാളിക്ക് ഭാരത് രത്ന നൽകുന്നതിനും ഇപ്പോൾ പ്രാധാന്യമുണ്ടെന്നും വ്യാഖ്യാനിക്കാം.