ജഡ്ജിമാരുടെ നിയമന നടപടിക്രമങ്ങളില്‍ മാറ്റം വരുന്നത് വരെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ച് ചോദ്യം ഉന്നയിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കൊളീജിയം വിഷയത്തില്‍ സുപ്രീംകോടതിയുമായുള്ള ഭിന്നത തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ രാജ്യസഭയില്‍ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന് പരിമിതമായ റോള്‍ മാത്രമാണ് ഉള്ളതെന്ന് കിരണ്‍ റിജിജു പറഞ്ഞു. ജഡ്ജിമാരുടെ നിയമനം കാര്യക്ഷമമായ രീതിയില്‍ നടക്കാത്തതിനാല്‍ രാജ്യത്തുടനീളം പരിഹരിക്കപ്പെടാതെ കേസുകള്‍ കെട്ടിക്കിടക്കുകയാണ്. നിലവില്‍ അഞ്ച് കോടിയിലധികം കേസുകള്‍ രാജ്യത്തുടനീളം പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെന്നും, ഇത് വലിയ ആശങ്കയുളവാക്കുന്നുണ്ടെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
കൊളീജിയം ശുപാർശ ചെയ്യുന്നതല്ലാതെ കേന്ദ്രത്തിന് ജഡ്ജിമാരെ നിയമിക്കാനോ അവരുടെ പേരുകള്‍ നിര്‍ദേശിക്കാനോ അധികാരമില്ലകിരൺ റിജിജു, കേന്ദ്ര നിയമമന്ത്രി
കേസുകളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കൊളീജിയം ശുപാർശ ചെയ്യുന്നതല്ലാതെ കേന്ദ്രത്തിന് ജഡ്ജിമാരെ നിയമിക്കാനോ അവരുടെ പേരുകള്‍ നിര്‍ദേശിക്കാനോ അധികാരമില്ല. അതിനാല്‍ തന്നെ നിലവിലെ ഒഴിവുകളിലേക്ക് എത്രയും വേഗം ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരോട് വാക്കാലും രേഖാമൂലവും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും റിജിജു സഭയെ അറിയിച്ചു. ജഡ്ജിമാര്‍ക്കിടയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസിനേയും, ഹൈക്കോടതി ചീഫ് ജസ്റ്റിസ്മുരെയും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെയും ജുഡീഷ്യറിക്ക് എതിരെ പരാമര്‍ശങ്ങളുമായി കിരണ്‍ റിജിജു രംഗത്തെത്തിയിരുന്നു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ അടയിരിക്കുകയാണെന്ന് ആര്‍ക്കും ആക്ഷേപിക്കാന്‍ കഴിയില്ലെന്നായിരുന്നു റിജിജുവിന്റെ ഏറ്റവും ഒടുവിലത്തെ പരാമര്‍ശം. കൊളീജിയം അയയ്ക്കുന്ന ശുപാര്‍ശകളിലെല്ലാം സര്‍ക്കാര്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കരുത്. കൊളീജിയത്തിന്റെ പ്രവർത്തനം സുതാര്യമല്ലെന്നും റിജിജു ആക്ഷേപം ഉന്നയിച്ചിരുന്നു.
ഇതിനുപിന്നാലെ, പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയും രംഗത്തെത്തിയിരുന്നു. പ്രത്യേക പദവി വഹിക്കുന്നവര്‍ ഒരിക്കലും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സുപ്രീംകോടതി വിര്‍ശിച്ചു. രാജ്യത്ത് ഒരു വിഭാഗം ആളുകള്‍ കൊളീജിയത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും കൊളീജിയത്തെ തകര്‍ക്കാനാവില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.