പതിറ്റാണ്ടിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന ജമ്മു - കശ്മീരില്‍ രാഷ്ട്രീയ നീക്കങ്ങള്‍ പുരോഗമിക്കുന്നു. നിര്‍ണായക രാഷ്ട്രീയ നീക്കങ്ങളുണ്ടായേക്കുമെന്ന സൂചനകള്‍ നല്‍കി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. നിര്‍ണായകയോഗങ്ങളിലും സഖ്യചര്‍ച്ചകളിലും ഇരു നേതാക്കളും പങ്കെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഖാര്‍ഗെയും രാഹുലും കാശ്മീരിലെത്തുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളുമായും നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
ഇന്ന് ജമ്മുവിലെത്തുന്ന രാഹുല്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നാളെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളെ കാണാന്‍ കാശ്മീരിലേക്ക് പോകും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നിര്‍ണായക കൂടിക്കാഴ്ചകള്‍ക്കായാണ് ഇരുവരും കാശ്മീരിലേക്ക് പോയിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസും നാഷണൽ കോൺഫറൻസും. പക്ഷേ തിരഞ്ഞെടുപ്പിന് മുൻപ് ആരുമായും സഖ്യമുണ്ടാകില്ലെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷനും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഡോ. ഫാറൂഖ് അബ്ദുള്ള നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നാഷണൽ കോൺഫറൻസ് നേതാക്കൾ തന്നെ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് രാഹുലും ഖാർഗെയും കശ്മീരിലേക്കു പുറപ്പെട്ടതെന്നാണ് വിവരങ്ങൾ.
ബിജെപിക്കെതിരെ നിലകൊള്ളുന്ന ഏതു സംഘടനയുമായും സഖ്യം രൂപീകരിക്കാൻ തങ്ങൾ തയ്യാറാണെന്നാണ് പുതുതായി നിയമിക്കപ്പെട്ട ജമ്മു കാശ്മീർ കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ താരിഖ് ഹമീദ് കാര കഴിഞ്ഞദിവസം ജമ്മുവിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിച്ചത്. നാഷണൽ കോൺഫറൻസ് നേതാക്കൾ തങ്ങളുടെ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടു കഴിഞ്ഞുവെന്നാണ് മനസിലാക്കുന്നതെന്നും സമാനഹൃദയരായ ആരുമായും തങ്ങൾ കൈകോർക്കുമെന്നും താരിഖ് ഹമീദ് കാര പറയുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യമായാണ് മത്സരിച്ചത്. ജമ്മുവിലും ലഡാക്കിലുമായി രണ്ടു സീറ്റിൽ കോൺഗ്രസും കശ്മീരിലെ മൂന്നു സീറ്റിൽ നാഷണൽ കോൺഫറൻസും മത്സരിച്ചു. കോൺഗ്രസിനു രണ്ടു സീറ്റും നഷ്ടപ്പെട്ടെങ്കിലും നാഷണൽ കോൺഫറൻസ് രണ്ട് സീറ്റിൽ വിജയിച്ചു.
10 വർഷത്തിനുശേഷമാണ് കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014ൽ ആയിരുന്നു അവസാനമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് രൂപീകരിക്കപ്പെട്ട ബിജെപി- പിഡിപി സർക്കാരിനെ പിരിച്ചുവിട്ടാണ് കേന്ദ്രം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നത്.
ബിജെപിക്കെതിരെ കാശ്മീരിൽ അതിശക്തമായ ജനവികാരമുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികൾ കരുതുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവുമുൾപ്പെടെ നിരവധി പ്രശ്നങ്ങൾ കശ്മീരിലെ ജനങ്ങൾ നേരിടുന്നതിനാൽ അവർ ബിജെപിക്കെതിരെ വിധിയെഴുതുമെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ കണക്കുകൂട്ടുന്നത്. ജനാബ് മേഖലയിലുൾപ്പെടെ ഇത്തവണ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്.