മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശിക്ഷാവിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്. രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ അപ്പീൽ ജൂലായ് 7ന് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.
രാഹുൽ ഗാന്ധി സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നുവെന്ന് പറഞ്ഞ കോടതി, 'വീര' സവർക്കറുടെ കൊച്ചുമകൻ ഉൾപ്പെടെയുള്ളവർ നൽകിയവർ 10 കേസുകൾ നിലവിലുണ്ടെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. രാഹുലിനെ കുറ്റക്കാരനായി ശിക്ഷിച്ചത് അനീതിയല്ല, അത് നീതിയുക്തവും ശരിയായതുമാണ്. സൂറത്ത് കോടതിയുടെ വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും വിധി പറഞ്ഞ ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് പറഞ്ഞു. കേസ് ഒരു വ്യക്തിയെ മാത്രമല്ല ഒരു വിഭാഗത്തെ (മോദി കമ്മ്യൂണിറ്റി) സംബന്ധിച്ചുള്ളതാണെന്നും പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ട് ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ കോലാറിലാണ് രാഹുല്‍ ഗാന്ധി കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. നീരവ് മോദി, ലളിത് മോദി തുടങ്ങി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പരാമർശം മോദി സമുദായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവ് രാഹുൽ ഗാന്ധിയ്ക്ക് സൂറത്ത് കോടതി ശിക്ഷിച്ചത്. പ്രസ്താവന നടത്തിയപ്പോൾ തന്റെ ഭാഗത്തുനിന്ന് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ചോദ്യം ചെയ്യൽ വേളയിൽ രാഹുൽ വ്യക്തമാക്കിയത്.മാര്‍ച്ചില്‍ സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. ഇതേത്തുടര്‍ന്ന് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് അയോഗ്യനാക്കിയത്.