മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ. സൂറത്ത് സിജെഎം കോടതിയുടേതാണ് വിധി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മയാണ് ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ച കോടതി, അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സാവകാശവും അനുവദിച്ചു.
താന്‍ നടത്തിയ പരാമര്‍ശം മനപൂര്‍വമായിരുന്നില്ലെന്നും ഏതെങ്കിലും സമുദായത്തെ അപമാനിക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും രാഹുല്‍ കോടതിയില്‍ അറിയിച്ചു. ലളിത് മോദി, നീരവ് മോദി എന്നിവരുടെ കേസിനെ ഉദ്ധരിച്ചാണ് താന്‍ പ്രസംഗിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയിലെ കോലാറിലെ പ്രസംഗത്തിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. എല്ലാ കള്ളന്മാരുടേയും പേരിനൊപ്പം മോദിയെന്ന പേര് എങ്ങനെ വരുന്നുവെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ലളിത് മോദി, നീരവ് മോദി എന്നിവരുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
പിന്നാലെ ഗുജറാത്തിലെ മുന്‍ മന്ത്രിയും സൂറത്ത് എംഎല്‍എയുമായ പൂര്‍ണേഷ് മോദി രാഹുലിനെതിരെ പരാതി നല്‍കുകയായിരുന്നു. മോദി സമുദായത്തെ ആകെ അപമാനിക്കുന്ന പ്രസ്താവനയാണ് രാഹുല്‍ നടത്തിയതെന്നായിരുന്നു പൂര്‍ണേഷിന്റെ പരാതി.
കോടതി വിധിക്ക് പിന്നാലെ മഹാത്മാഗാന്ധിയുടെ വാചകമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. 'അഹിംസയും സത്യവുമാണ് എന്റെ മതത്തിന്റെ അടിസ്ഥാനം. സത്യമാണ് ദൈവം, അഹിംസ സത്യത്തിലേക്കുള്ള മാര്‍ഗവും' -രാഹുല്‍ ട്വീറ്റ് ചെയ്തു.
'പ്രധാനമന്ത്രിയല്ല ഇന്ത്യ. പ്രധാനമന്ത്രിയെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നത് ഇന്ത്യയ്ക്കെതിരായ ആക്രമണമല്ല. എന്ത് വന്നാലും ഞാന്‍ സത്യത്തിനായി സംസാരിക്കുകയും പോരാടുകയും ചെയ്യും' . - പ്രസംഗം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി കുറിച്ചു.
ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
രാഹുലിനെതിരായ കോടതി വിധിക്കെതിരെ വിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സത്യം പറഞ്ഞതിനും ഏകാധിപതിക്കെതിരെ ശബ്ദമുയര്‍ത്തിയതിനും രാഹുല്‍ ഗാന്ധിയും ശിക്ഷിക്കപ്പെടുകയാണൈന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു.