INDIA

വേദനയുടെ നേരത്ത് മോദി മണിപ്പൂരിനെ അവഗണിച്ചു, ഈ യാത്ര ജനമനസറിയാനെന്ന് രാഹുൽ ഗാന്ധി, ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം

ഇന്ത്യയിലെ ഏറ്റവും വലിയ അനീതികളുടെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായി ഈ അനീതികള്‍ അതിരൂക്ഷമാണെന്നും രാഹുൽ

വെബ് ഡെസ്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കമായി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തതോടെ 15 സംസ്ഥാനങ്ങളിലൂടെ മണിപ്പൂരില്‍ നിന്നു മുംബൈ വരെയുള്ള യാത്ര ഔദ്യോഗികമായി തുടങ്ങി. കഴിഞ്ഞ വര്‍ഷം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ജോഡോ ന്യായ് യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് രാഹുല്‍ യാത്ര ആരംഭിച്ചത്.

വംശീയാതിക്രമങ്ങള്‍ കാരണം ഇന്നും നീറിക്കൊണ്ടിരിക്കുന്ന മണിപ്പൂരിനെയാണ് രാഹുല്‍ ഗാന്ധി യാത്രയുടെ പ്രഭവസ്ഥാനമായെടുത്തത്. എന്നാല്‍ എവിടെ നിന്ന് യാത്ര ആരംഭിക്കണമെന്ന് ആലോചിച്ചപ്പോള്‍ മണിപ്പൂരില്‍ നിന്നും മാത്രമേ യാത്ര ആരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്ന് താന്‍ പറയുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഏറ്റവും വലിയ അനീതികളുടെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായി ഈ അനീതികള്‍ അതിരൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ നിന്നും വ്യത്യസ്തമായി ഭാരത് ജോഡോ ന്യായ് യാത്ര ബസ് മുഖാന്തരമാക്കിയതിന്റെ പിന്നിലെ കാരണവും തന്റെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ''കഴിഞ്ഞ വര്‍ഷം ഭാരത് ജോഡോ യാത്ര നടത്തിയത് പോലെ ഇത്തവണയും നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് കണക്കിലെടുക്കുമ്പോള്‍ കാല്‍നട യാത്ര ഒരുപാട് സമയമെടുക്കും. അതിനാലാണ് ഈ യാത്ര ബസ് മുഖാന്തരം നടത്താമെന്ന് തീരുമാനിച്ചത്'', അദ്ദേഹം വ്യക്തമാക്കി.

മണിപ്പൂരിന്റെ വേദന കേള്‍ക്കാനും പങ്കുവെക്കാനും തങ്ങളുണ്ടെന്നും രാഹുല്‍ ഉറപ്പ് നല്‍കി. കൂടാതെ മോദി മണിപ്പൂരില്‍ വന്നില്ലെന്നും വേദനിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് മോദിക്ക് അറിയില്ല. മണിപ്പൂരിലേക്ക് മോദി വരുന്നില്ല. മോദി മണിപ്പൂരിലെ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയോ, കണ്ണീര്‍ തുടക്കുകയോ ചെയ്തില്ല. മണിപ്പൂരിലെ വേദന ഞാന്‍ മനസിലാക്കുന്നു. മണിപ്പൂരിന്റെ നഷ്ടവും സങ്കടവും ഞങ്ങള്‍ മനസിലാക്കുന്നു. മണിപ്പൂര്‍ അറിയപ്പെട്ടിരുന്ന സമാധാനവും ഐക്യവും ഞങ്ങള്‍ തിരികെ കൊണ്ടുവരും'', രാഹുല്‍ പറഞ്ഞു.

അതേസമയം ഫ്‌ളാഗ് ഓഫിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മണിപ്പൂരിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മണിപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ ആഭരണമെന്നാണ് വിശേഷിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ആവര്‍ത്തിക്കുകയായിരുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. രാമനാമം വോട്ടിനു വേണ്ടി മാത്രം ഉപയോഗിക്കുയാണ് മോദിയിപ്പോള്‍.

''വോട്ടിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിച്ചു. എന്നാല്‍ വേദനിച്ചപ്പോള്‍ അദ്ദേഹം മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല. ബിജെപി മതവും രാഷ്ട്രീയവും കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഞങ്ങള്‍ മതേരത്വത്തിനും, തുല്യതയ്ക്കും, സാമൂഹ്യ നീതിക്കും വേണ്ടി പോരാടുന്നു,'' ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധി ഭരണഘടനയുടെ ആമുഖം സംരക്ഷിക്കാനാണ് പോരാടുന്നതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയിലെ എംപിമാരുടെ സസ്‌പെന്‍ഷനെ ചൂണ്ടിക്കാട്ടി ഇവിടെ ഏകാധിപത്യ മനോഭാവമാണ് നടക്കുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍