INDIA

വരുൺ ഗാന്ധിയെ കെട്ടിപ്പിടിക്കും, പക്ഷേ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ ഒരിക്കലും ആകില്ല: രാഹുൽ ഗാന്ധി

എനിക്ക് ഒരിക്കലും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഓഫീസിൽ പോകാൻ കഴിയില്ല. അതിന് മുൻപ് എന്റെ തലവെട്ടേണ്ടി വരും.

വെബ് ഡെസ്ക്

ബിജെപി നേതാവായ വരുൺ ഗാന്ധിയെ സ്നേഹപൂർവം കാണാനും കെട്ടിപ്പിടിക്കാനും തനിക്ക് കഴിയുമെന്നും എന്നാൽ അദ്ദേഹം പിന്തുടരുന്ന പ്രത്യയശാസ്ത്രത്തെ ഒരിക്കലും പിന്തുണയ്ക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി. ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ ആർഎസ്എസിന്റെ ഓഫീസിൽ പോകുന്നതിനേക്കാൾ തലവെട്ടിക്കളയുന്നതാണ് ഇഷ്‌ടമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

"എനിക്ക് അദ്ദേഹത്തെ കാണാനും കെട്ടിപ്പിടിക്കാനും കഴിയും, പക്ഷേ എനിക്ക് ആ പ്രത്യയശാസ്ത്രം അംഗീകരിക്കാൻ കഴിയില്ല"-പഞ്ചാബിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. പിതൃസഹോദര പുത്രനായ വരുൺ ​ഗാന്ധി കോൺ​ഗ്രസിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''വരുൺ ഗാന്ധി ബിജെപിയിലാണ്, ഇവിടെ നടന്നാൽ(ഭാരത് ജോഡോ യാത്രയിൽ) അത് അദ്ദേഹത്തിന് പ്രശ്നമുണ്ടാക്കിയേക്കാം. എന്റെ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുന്നതല്ല. എനിക്ക് ഒരിക്കലും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഓഫീസിൽ പോകാൻ കഴിയില്ല. അതിന് മുൻപ് എന്റെ തലവെട്ടേണ്ടി വരും. എന്റെ കുടുംബത്തിന് ഒരു പ്രത്യയശാസ്ത്രമുണ്ട്. വരുൺ സ്വീകരിച്ച പ്രത്യയശാസ്ത്രം അംഗീകരിക്കാൻ എനിക്കൊരിക്കലും കഴിയില്ല. എനിക്ക് അദ്ദേഹത്തെ കാണാനും കെട്ടിപ്പിടിക്കാനും കഴിയും, പക്ഷേ എനിക്ക് ആ പ്രത്യയശാസ്ത്രം അംഗീകരിക്കാൻ കഴിയില്ല''- രാഹുൽ പറഞ്ഞു.

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇന്ന് നിയന്ത്രിക്കുന്നത് ആർഎസ്എസും ബിജെപിയുമാണെന്നും രാഹുൽ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ സ്ഥാപനങ്ങൾക്ക് മേലിലും അവരുടെ സമ്മർദ്ദമുണ്ട്. മാധ്യമങ്ങൾ, ബ്യൂറോക്രസി, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവയെല്ലാം അവരുടെ നിയന്ത്രണത്തിലാണ്. ജുഡീഷ്യറിയിൽ പോലും അവർ സമ്മർദ്ദം ചെലുത്തുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇത് കേവലം രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോരാട്ടമല്ല. അവരുടെ പിടിയിലുള്ള രാജ്യത്തെ സ്ഥാപനങ്ങളും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടമാണ് നിലവിലുള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാഹുലിന്റെ പിതൃ സഹോദരൻ സഞ്ജയ് ഗാന്ധിയുടെയും മേനക ഗാന്ധിയുടെയും മകനായ വരുൺ ഗാന്ധി പിലിഭത്തിൽ നിന്നുള്ള ബിജെപി എംപിയാണ്. രാഹുലിനേക്കാള്‍ പത്ത് വയസ് ഇളയതാണ് വരുണ്‍ ഗാന്ധി. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയായും വരുണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വരുണിന് ബിജെപി കാര്യമായ സ്ഥാനങ്ങൾ ഒന്നും നൽകാത്തതും 2019-ലെ നരേന്ദ്രമോദി മന്ത്രിസഭയിൽ അമ്മ മേനക ഗാന്ധിയെ ഉൾപ്പെടുത്താത്തത് കാരണം വരുൺ ബിജെപിയുമായി അത്ര ചേർച്ചയിൽ അല്ല. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പിലിഭിത്തിൽ നടന്ന പൊതുയോഗങ്ങളിലെ പ്രസംഗങ്ങളിൽ ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ വരുൺ ഗാന്ധിയ്ക്ക് പാ‍ർട്ടിക്ക് അകത്ത് നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് വരുണ്‍ ബിജെപി വിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും കോണ്‍ഗ്രസില്‍ ചേരാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ