INDIA

കേന്ദ്ര സർക്കാരിലെ ഉന്നത പദവികളിലേക്ക് ലാറ്ററല്‍ എൻട്രി; ആർഎസ്എസ് റിക്രൂട്ട്മെന്റെന്ന് രാഹുല്‍ ഗാന്ധി

വെബ് ഡെസ്ക്

കേന്ദ്ര സർക്കാരിലെ ഉന്നത പദവികളിലേക്ക് ലാറ്ററല്‍ എൻട്രി വഴി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷനെ (യുപിഎസ്‌സി) മറികടന്നുള്ള നിയമനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയ്ക്ക് തുരങ്കംവെക്കുകയാണെന്ന് രാഹുല്‍ വിമർശിച്ചു.

കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് ലാറ്ററല്‍ എൻട്രി വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലൂടെ എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണം തട്ടിയെടുക്കുകയും ഇല്ലാതാക്കുകയുമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ആർഎസ്‍എസുമായി ബന്ധമുള്ളവരെയാണ് മോദി സർക്കാർ റിക്രൂട്ട് ചെയ്യുന്നതെന്നും രാഹുല്‍ ആരോപിക്കുന്നു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.

അധഃസ്ഥിതർക്ക് നീതി നിഷേധിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സിവില്‍ സർവീസ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന യുവാക്കളുടെ അവസരങ്ങള്‍ക്കൂടിയാണ് ഇവിടെ നഷ്ടമാകുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.

സുപ്രധാന സ്ഥാനങ്ങളിലേക്ക് 45 ഉദ്യോഗസ്ഥരെ ലാറ്ററല്‍ എൻട്രി വഴി നിയമിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നിങ്ങനെയുള്ള തസ്ഥികകളിലേക്കാണ് നിയമനം. ഇത്തരം തസ്ഥികകളില്‍ സാധാരണയായി ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കാറുള്ളത്. എന്നാല്‍ യുപിഎസ്‌സി മുഖേന ഇത്തര തസ്ഥികകളില്‍ നിയമനം നടത്താൻ സർക്കാർ പരസ്യം നല്‍കുകയായിരുന്നു.

സർക്കാരിന്റെ പ്രധാന സ്ഥാനങ്ങള്‍ കോർപറേറ്റുകള്‍ കയ്യടക്കിയാല്‍ എന്താകും സ്ഥിതിയെന്നതിന്റെ ഉദാഹരണമാണ് സെബിയെന്നും രാഹുല്‍ പറയുന്നു. മാധബി പുരി ബുച്ചിന്റെ നിയമനം ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ വാക്കുകള്‍. അടുത്തിടെയാണ് യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് മാധബിക്കെതിരെ ആരോപണം ഉന്നയിച്ചത്.

എസ് എസി, എസ് ടി, ഒബിസി വിഭാഗങ്ങളെ മാറ്റി നിർത്താനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും