ആര്‍എസ്എസ് മതമൗലികവാദികളും ഫാസിസ്റ്റ് സംഘടനയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ കാലവും രാജ്യം ഭരിക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും കോണ്‍ഗ്രസ് അപ്രസക്തമായെന്ന വാദം വിഡ്ഢിത്തമാണെന്നും രാഹുല്‍. ലണ്ടനില്‍ നടന്ന ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസ്സിനെയും ബിജെപിയും വിമര്‍ശിച്ച് രംഗത്തെത്തിയത്.
ആര്‍എസ്എസ് ഒരു രഹസ്യസ്വഭാവമുള്ള വിഭാഗമാണ്. മുസ്ലീം ബ്രദർഹുഡിന് സമാനമായ രീതിയില്‍ പടുത്തുയർത്തിയ സംഘടനയുമാണ്
ഇന്ത്യയുടെ ജനാധിപത്യ സ്വഭാവം പൂര്‍ണ്ണമായും മാറിയിരിക്കുന്നു. അതിന്റെ കാരണക്കാര്‍ മതമൗലിക വാദികളും ഫാസിസ്റ്റ് സംഘടനയുമായ ആര്‍എസ്എസ്സുമാണ്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ആര്‍എസ്എസ് പിടിച്ചെടുത്തു കഴിഞ്ഞു- രാഹുല്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസ് രഹസ്യസ്വഭാവമുള്ള വിഭാഗമാണ്.മുസ്ലീം ബ്രദർഹുഡിന് സമാനമായ രീതിയില്‍ പടുത്തുയർത്തിയ സംഘടനയുമാണ്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുകയും പിന്നീട് ജനാധിപത്യം തകര്‍ക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്നും രാഹുല്‍ ആരോപിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രാഹുല്‍
മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയിലെ ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. ഇത് ഒരിക്കലും കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അല്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മീഡിയ, ജുഡീഷ്യറി, പാര്‍ലമെന്റ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അങ്ങനെ എല്ലാം ഫാസിസ്റ്റ് സര്‍ക്കാരിനാല്‍ നിയന്ത്രിക്കപ്പെടുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭരണപക്ഷം എങ്ങനെ ഉപയോഗിക്കുന്നുവെന്നത് പ്രതിപക്ഷത്തിരിക്കുന്ന ഓരോ നേതാക്കള്‍ക്കും അറിയാം. ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണ്‍ അടക്കം ചോര്‍ത്തിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് തുറന്നു പറഞ്ഞ രാഹുല്‍ യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണം രാജ്യത്തെ രാഷ്ട്രീയ സ്വഭാവങ്ങളില്‍ വന്ന മാറ്റം ശ്രദ്ധിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി.' ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ കോണ്‍ഗ്രസ് ആണ് ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ചത്. ഇപ്പോള്‍ അധികാരമുള്ള ബിജെപി കരുതുന്നത് എല്ലാക്കാലവും അധികാരത്തില്‍ ഇരിക്കാമെന്നാണ്' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ വിമര്‍ശിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാ ക്കൂര്‍ രംഗത്തെത്തി. ചൈനയെ പ്രകീര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധി വിദേശ മണ്ണില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് രാഹുലിന്റെ ആരോപണങ്ങളെന്നും ഠാക്കൂര്‍ ആരോപിച്ചു.