കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാനാകില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെയ്ക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയ്ക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. ഇന്ത്യക്കാർ യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നതിനെ ഭയക്കുന്ന കേന്ദ്രം ഭാരത് ജോഡോ യാത്ര നിർത്തിവെക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തുകയാണെന്നും രാഹുൽ പറഞ്ഞു. ബുധനാഴ്ച രാവിലെ ഹരിയാനയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രയിൽ അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
"ബിജെപിയുടെ പുതിയ തന്ത്രമാണിത്. കൊറോണ വൈറസിന്റെ പുതിയ തരംഗം രാജ്യത്ത് ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി. പല സത്യങ്ങളും ഇന്ത്യക്കാർ തിരിച്ചറിയുന്നതിനെ ഭയക്കുന്നത് കൊണ്ടാണ്" രാഹുൽ ഗാന്ധി പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ത്രിപുരയിൽ റാലി നടത്തിയത്.
അതേസമയം, യാത്രയിൽ പങ്കെടുത്ത പലരും വൈറസ് ബാധിതരാണെന്ന് രാജസ്ഥാനിൽ നിന്നുള്ള മൂന്ന് എംപിമാർ തനിക്ക് കത്തെഴുതിയതിനെ തുടർന്നാണ് നിർദേശം നൽകിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. രാജസ്ഥാനിൽ വെച്ച് യാത്രയിൽ പങ്കെടുത്ത ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു അസുഖബാധിതനായതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ചയാണ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കേന്ദ്ര ആരോഗ്യ മന്ത്രി കത്തെഴുതിയത്. ഭാരത് ജോഡോ യാത്രയിൽ മാസ്ക് ഉറപ്പാക്കണം. സാനിറ്റൈസർ ഉപയോഗം കർശനമാക്കണം. വാക്സിൻ എടുത്തവർ മാത്രമെ യാത്രയുടെ ഭാഗമാകാവൂ എന്നീ കാര്യങ്ങളാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് പാലിക്കാനായില്ലെങ്കിൽ ദേശീയ താല്പര്യം കണക്കിലെടുത്ത് ഭാരത് ജോഡോ യാത്ര നിർത്തിവെക്കാനും കേന്ദ്രമന്ത്രി പറയുന്നു.
ഭാരത് ജോഡോ യാത്ര തടയാനുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ പലരും രംഗത്തെത്തിയിരുന്നു. യാത്രയിലൂടെ കോൺഗ്രസ് നേടിയെടുക്കുന്നു ജനപിന്തുണ അടിച്ചമർത്താനാണ് ബിജെപിയുടെ ശ്രമമെന്ന് അശോക് ഗെഹ്‌ലോട്ട് വിമർശിച്ചു. ഭാരത് ജോഡോ യാത്രയെ ഭയപ്പെടുന്നതിനാൽ അത് തടസ്സപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് കത്തെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രണ്ട് ദിവസം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ത്രിപുരയിൽ റാലി നടത്തിയത്. രണ്ടാം തരംഗം നിലനിൽക്കുന്ന സമയത്തും പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ വൻ റാലികളിൽ പങ്കെടുത്തിരുന്നു. മാണ്ഡവ്യയുടേത് രാഷ്ട്രീയ ലക്ഷ്യമായിരുന്നില്ല എങ്കിൽ ആദ്യം കത്തെഴുതേണ്ടത് മോദിക്കായിരുന്നു എന്നും ട്വീറ്റിൽ ഗെഹ്‌ലോട്ട് കുറിച്ചു. കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ ജയറാം രമേശും കേന്ദ്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.