INDIA

'ബിജെപിയെയും മോദിയെയും ഇന്ത്യക്കാർ ഭയക്കുന്നില്ല'; ടെക്‌സസിലെ വിദ്യാർഥികളോട് രാഹുൽ ഗാന്ധി

ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് രാഹുലിന്‍റെ മൂന്ന് ദിവസത്തെ അമേരിക്കന്‍ യാത്ര

വെബ് ഡെസ്ക്

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഭരണഘടനയെ അക്രമിക്കുകയാണെന്ന് ദശലക്ഷക്കണക്കിന് പൗരന്മാര്‍ തിരിച്ചറിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു 2024 ലേതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയോടുള്ള ഭയമെല്ലാം ആളുകള്‍ക്ക് ഇല്ലാതായി എന്നതിന്റെ തെളിവാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേരിട്ട തിരിച്ചടി എന്നും അദ്ദേഹം പ്രതികരിച്ചു. അമേരിക്കയിലെ ടെക്സാസില്‍ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു രാഹുലിന്റെ പ്രസ്താവന. ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണ് ഇപ്പോള്‍ നടക്കുന്നത്.

മോദിയെയും ബിജെപിയെയും ഇന്ത്യയിൽ ആരും ഭയക്കുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിന്റെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെ ജയമായിരുന്നു 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. കോൺഗ്രസിന്റെയും ആർ എസ് എസിന്റെയും ആശയങ്ങൾ തമ്മിലുള്ള വ്യത്യാസവും രാഹുൽ ചൂണ്ടിക്കാട്ടി. ഏകശിലാത്മകതയിലാണ് ആർ എസ് എസ് വിശ്വസിക്കുന്നത്. എന്നാൽ ഇന്ത്യയുടെ ബഹുസ്വരതയാണ് കോൺഗ്രസ് അടിസ്ഥാനമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന ഉയർത്തിക്കാട്ടി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം ആളുകൾ തിരിച്ചറിഞ്ഞു. ഭരണഘടനയെ ആക്രമിക്കാൻ ശ്രമിക്കുന്നവർ നശിപ്പിക്കുന്നത് മത ആചാരങ്ങളെ കൂടിയാണെന്ന കാര്യവും ആളുകൾക്ക് മനസിലായി. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് സ്നേഹത്തിൻ്റെയും ആദരവിൻ്റെയും വിനയത്തിൻ്റെയും മൂല്യങ്ങൾ ഉൾപ്പെടുത്താനാണ് തന്റെ ശ്രമമെന്നും ഡല്ലാസിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ എടുത്തുപറഞ്ഞു.

ടെക്സസ് സർവകലാശാലയിലെ വിദ്യാർഥികളുമായും അമേരിക്കയിലെ നിയമനിർമ്മാതാക്കളുമായും ആശയവിനിമയം നടത്തുകയായിരുന്നു രാഹുൽ. രാഹുലിന്റെ വിപുലമായ പ്രവർത്തനത്തിൻ്റെ ഭാഗമാണ് യുഎസ് സന്ദർശനം. നവംബറിൽ നടക്കാനിരിക്കുന്ന സുപ്രധാന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനും ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് അദ്ദേഹത്തിൻ്റെ മൂന്ന് ദിവസത്തെ യാത്ര.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്