INDIA

'ഡല്‍ഹിയുടെ വലുപ്പത്തില്‍ ലഡാക്കില്‍ ചൈനീസ് കയ്യേറ്റം'; അമേരിക്കയിലും മോദിയെ വിടാതെ രാഹുൽ, രൂക്ഷവിമർശനം

അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമർശങ്ങള്‍

വെബ് ഡെസ്ക്

ചൈനയുമായുള്ള അതിർത്തി വിഷയത്തില്‍ കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സാഹചര്യം നന്നായി കൈകാര്യം ചെയ്തില്ലെന്ന് രാഹുല്‍ വിമർശിച്ചു. അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമർശങ്ങള്‍.

"ലഡാക്കില്‍ ഡല്‍ഹിയുടെ വലുപ്പത്തില്‍ ചൈനീസ് സൈന്യം ഭൂമി കൈയ്യടക്കിയിട്ടുണ്ട്. ഇതൊരു ദുരന്തമായാണ് ഞാൻ കാണുന്നത്. മാധ്യമങ്ങള്‍ക്ക് ഇതേക്കുറിച്ച് എഴുതാൻ താല്‍പ്പര്യമില്ല. അതിർത്തി രാജ്യം തങ്ങളുടെ 4,000 ചതുരശ്ര കിലോമീറ്റർ ഭൂമി കൈയ്യടക്കിയാല്‍ അമേരിക്ക എങ്ങനെ പ്രതികരിക്കും? ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്തുവെന്ന് അവകാശപ്പെട്ട് ഒഴിഞ്ഞുമാറാൻ ഏതെങ്കിലും പ്രസിഡന്റുമാർ തയാറാകുമോ? അതിനാല്‍, ചൈന വിഷയം മോദി നന്നായി കൈകാര്യം ചെയ്തെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചൈനീസ് സൈന്യം ഞങ്ങളുടെ മേഖലയില്‍ തുടരുന്നതിന് ഒരു കാരണവും ഞാൻ കാണുന്നില്ല," രാഹുല്‍ വ്യക്തമാക്കി.

2020ല്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനിക വിഭാഗങ്ങള്‍ ഗാല്‍വാനില്‍ ഏറ്റുമുട്ടിയിരുന്നു. 2020 മേയില്‍ കിഴക്കൻ ലഡാക്കിലെ എല്‍എസിയിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താൻ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതോടെയാണ് ഇരുവിഭാഗങ്ങളും കൂടുതല്‍ സേനയെ മേഖലയില്‍ വിന്യസിച്ചത്. 2020 മേയ്ക്ക് ശേഷം ഏകദേശം 50,000 ഇന്ത്യൻ സൈനികരാണ് എല്‍എസിയിലും ഫോർവേർഡ് പോസ്റ്റുകളിലുമായി നിലയുറപ്പിച്ചിരിക്കുന്നത്.

ഉത്പാദനത്തെക്കുറിച്ചുള്ള ചൈനയുടെ കാഴ്ചപ്പാടിനെ ജനാധിപത്യവിരുദ്ധമെന്നും രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു.

"ചൈന ചെയ്യുന്നതുപോലെ ജനാധിപത്യപരമല്ലാത്ത ഒരു സാഹചര്യത്തില്‍ നിന്ന് ചെയ്യാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ചൈന മുന്നോട്ട് വെച്ചിരിക്കുന്ന ഉത്പാദന കാഴ്ചപ്പാട് ജനാധിപത്യപരമല്ല. ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട് പരിഹാരം കാണാൻ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സാധിക്കുമോയെന്നതാണ് ചോദ്യം. ഇവിടെയാണ് ഒരുപാട് ഉത്തരങ്ങളുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു," രാഹുല്‍ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവെന്ന നിലയിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചു രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചു.

"ഇന്ത്യയില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ബിജെപിയും ആർഎസ്എസുമായി ആശയപരമായ ഒരു യുദ്ധമാണ് നടക്കുന്നത്. പൂർണമായും വ്യത്യസ്തമായ കാഴ്ചപാടുള്ള രണ്ട് വശങ്ങളാണിത്. എല്ലാവർക്കും മുന്നോട്ട് പോകാൻ സാധിക്കുന്ന ഒരു ആശയത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ വിശ്വസിക്കുന്ന മതം, നിങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗം, നിങ്ങള്‍ സംസാരിക്കുന്ന ഭാഷ എന്നിവയുടെ പേരില്‍ ക്രൂശിക്കപ്പെടാത്ത ഒരു സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പോരാട്ടം," രാഹുല്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം