പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28ന് പ്രധാനമന്ത്രി നിർവഹിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി മോദിയുടെ പൊങ്ങച്ച പദ്ധതിയെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ തലവനാണെന്നും നിയമസഭയുടെ തലവനല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനും പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാത്തതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചു.
സ്വയം പ്രതിച്ഛായയോടും ക്യാമറകളോടുമുള്ള അഭിനിവേശം മോദി ജിയുടെ കാര്യത്തിൽ മാന്യതയെയും മാനദണ്ഡങ്ങളെയും മറികടക്കുന്നു - പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് ഡി രാജ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു നിർവഹിക്കുന്നതാണ് ഉചിതമെന്നും ഡി രാജ ട്വിറ്ററിൽ കുറിച്ചു.
ഇത് രാജ്യത്തിനും രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാർക്കും തികഞ്ഞ അപമാനമാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. രാജ്യത്തിന്റെ സ്ഥാപകരെയും ഗാന്ധി, നെഹ്‌റു, പട്ടേൽ, ബോസ്, ഡോ. അംബേദ്കര്‍ എന്നിവരെയെല്ലാം നിരാകരിച്ച് കൊണ്ടാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റ് ഉദ്ഘാടനം നടത്തുന്നതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
സവർക്കറുടെ ജന്മദിനമായ മെയ് 28-ന് ഉദ്ഘാടനം നടത്തുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. രാഷ്ട്രത്തിന് പാര്‍ലമെന്ററി ജനാധിപത്യം സമ്മാനിച്ച ഇന്ത്യന്‍ ഭരണഘടന 75-ാം വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന 26 നവംബര്‍ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് യോജിച്ചതായിരിക്കും. എന്നാല്‍ അത് സവര്‍ക്കറുടെ ജന്മദിനമായ മെയ് 28ന് ചെയ്യുന്നത് എത്രത്തോളം പ്രസക്തമാണെന്നാണ് തൃണമൂല്‍ എം പി സുഖേന്ദു ശേഖര് റേ ചോദിച്ചത്.
2020 ഡിസംബര്‍ 10നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ 1,280 അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ കെട്ടിടം. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ പാര്‍ലമെന്റ് മന്ദിരവും ഒരുക്കിയിരിക്കുന്നത്.