മോദിയുടെ ആത്മാവ് അദാനിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജാവ് വീഴണമെങ്കില്‍ ആത്മാവ് തങ്ങുന്ന തത്തമ്മയെ വീഴ്ത്തണമെന്ന പഴയകഥ ഓര്‍മിപ്പിച്ച് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അദാനിയെ തൊടുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഉണരുന്നതെന്നും എതിര്‍പ്പ് അറിയിച്ചവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ മേഖലകളിലും അദാനിയുടെ കുത്തകയാണ്. ഈ കുത്തകവത്കരണം മൂലം രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാവുകയാണെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
അദാനിക്കു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പടെയുള്ള തരംതാഴ്ന്ന കളികള്‍ കളിക്കുന്നതെന്നും അദാനിക്കെതിരേ ആരെങ്കിലും പ്രതികരിച്ചാല്‍ ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കിയിരിക്കുയാണെന്നും രാഹുല്‍ തുറന്നടിച്ചു.
രാജ്യത്തിന്റെ അധികാര കേന്ദ്രത്തില്‍ ഒന്നാമന്‍ അദാനിയാണ്. രണ്ടും മൂന്നും സ്ഥാനത്താണ് മോദിയും അമിത് ഷായും. അദാനിക്കെതിരേ ആരെങ്കിലും എന്തെങ്കിലും എതിര്‍പ്പ് ഉന്നയിക്കുന്നുണ്ടോയെന്ന് നോക്കുക മാത്രമാണ് മോദിയുടെയും അമിത് ഷായുടെയും ചുമതല. അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്റലിജന്‍സ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ തുടങ്ങിയവ ഉപയോഗിച്ച് അവര്‍ക്കെതിരേ നടപടിയെടുക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ അദാനിയുടെ കാവല്‍ക്കാരാക്കി മാറ്റി''- രാഹുല്‍ വിമര്‍ശിച്ചു.
കേന്ദ്രം എത്ര വരിഞ്ഞുമുറുക്കിയാലൃം അദാനിക്കെതിരായ പോരാട്ടം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി. '' എന്റെ ഓഫീസലുള്ളവര്‍ക്കും ആപ്പിളിന്റെ മുന്നറിയിപ്പ് ലഭിച്ചു. ആദാനിക്കു വേണ്ടിയാണ് ചോര്‍ത്തല്‍ എന്ന് ആപ്പിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എത്ര ചോര്‍ത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ല. അദാനിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും. രാജ്യത്തിന്റെ പൊതു സ്വത്തെല്ലാം അദാനിക്കു തീറെഴുതുന്ന നടപടിയെ എതിര്‍ക്കുക തന്നെ ചെയ്യും''- രാഹുല്‍ പറഞ്ഞു.
രാജ്യത്തെ വിവിധ പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഇമെയിലുകളും ചോര്‍ത്താന്‍ നീക്കം നടന്നുവെന്ന് ആപ്പിള്‍ ആണ് ഇന്ന് മുന്നറിയിപ്പ് നല്‍കിയത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ചിലര്‍ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു മുന്നറിയിപ്പ്.
തൃണമൂല്‍ നേതാവ് മൗവാ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുള്‍പ്പെടെ അഞ്ച് എം പി മാര്‍ക്കാണ് സര്‍ക്കാര്‍ സ്പോണ്‍സേഡ് ആക്രമണത്തെക്കുറിച്ച് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കയിത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, തുടങ്ങിയവരുടെ ഫോണും ചോര്‍ത്താന്‍ നീക്കം നടക്കുന്നതായി ബന്ധപ്പെട്ടവരെ ആപ്പിള്‍ അറിയിച്ചു.
ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി, ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ചദ്ദ, എഐഎംഐഎം എം പി അസദ്ദുദ്ദീന്‍ ഒവൈസി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരസ ഡെക്കാന്‍ ക്രോണിക്കില്‍ റസിഡന്റ് എഡിറ്റര്‍ ശ്രീറാം കാറി, ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റ് സാമിര്‍ സരന്‍ എന്നിവര്‍ക്കും ഫോണ്‍ ചോര്‍ത്തല്‍ ഭീഷണി ലഭിച്ചതായി അറിയിപ്പ് ലഭിച്ചു.