മഞ്ഞുപെയ്യുന്ന ശ്രീനഗറിലെ വേദിയിൽ രാഹുൽ ഗാന്ധി 136 ദിവസം നീണ്ട ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം കുറിച്ചു. കശ്മീരിൽ വച്ച് ആക്രമിക്കപ്പെട്ടേക്കാമെന്നും വാഹനത്തിൽ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂവെന്നുമുള്ള മുന്നറിയിപ്പാണ് സുരക്ഷാസേന നൽകിയതെന്ന് സമാപനസമ്മേളനത്തിൽ രാഹുൽഗാന്ധി പറഞ്ഞു.''എന്നാൽ കശ്മീരിലെ ജനങ്ങൾ നൽകിയത് ഗ്രനേഡല്ല;ഹൃദയം നിറഞ്ഞ സ്നേഹമാണ്;ജന പിന്തുണ തൻ്റെ കണ്ണുനനയിച്ചു.കൊടും തണുപ്പിലും മഞ്ഞുമഴയിലും ആവേശം ഒട്ടും തണുക്കാതെ രാഹുലിൻ്റെ വാക്കുകൾ. കശ്മീരിലേക്ക് എത്തിയപ്പോള്‍ വീട്ടില്‍ എത്തിയ വികാരമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ശ്രീനഗറില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തിന് മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം ആയിരങ്ങളാണ് പങ്കെടുത്തത്.
കശ്മീരില്‍ താന്‍ നടന്നതുപോലെ ബിജെപി നേതാക്കള്‍ക്ക് നടക്കാന്‍ സാധിക്കില്ല. കാരണം അവര്‍ക്ക് ഭയമാണ്. തൻ്റെ കുടുംബവും മഹാത്മാ ഗാന്ധിയും ഭയരഹിതനായി ജീവിക്കാനാണ് പഠിപ്പിച്ചതെന്നും രാഹുൽ പറഞ്ഞു. രാജീവ് ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും കൊലപാതകത്തെ കുറിച്ച് പരാമര്‍ശിച്ച് ഹിംസയുടെ വേദന താന്‍ അനുഭവിച്ചിട്ടുണ്ടെന്നും പുല്‍വാമ രക്തസാക്ഷികളുടെ ബന്ധുക്കള്‍ കടന്നുപോയ വേദന താന്‍ മനസ്സിലാക്കുന്നുവെന്നും പറഞ്ഞു. എന്നാല്‍ ബിജെപി നേതാക്കൾക്കോ മോദിയ്ക്കോ അമിത് ഷായ്ക്കോ ആര്‍എസ്എസ് അംഗങ്ങള്‍ക്കോ ആ വേദന മനസ്സിലാവില്ലെന്നും കൂട്ടിചേര്‍ത്തു.
യാത്രിലുടനീളം ജനങ്ങള്‍ ഒപ്പമുണ്ടായതാണ് തനിക്ക് ഊര്‍ജമായത്. രാജ്യത്തിന്റെ ശക്തി നിങ്ങള്‍ക്ക് ഒപ്പമുണ്ട്, ഒരാള്‍ക്കും തണുക്കുകയോ നനയുകയോ ഇല്ല, ഇന്ത്യ മുഴുവന്‍ പദയാത്ര നടത്തുന്നത് ഒരു പ്രശ്‌നമായി തോന്നിയില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയെന്നും എത്രയോ സ്ത്രീകൾ അവരുടെ ജീവിതം പങ്കുവെച്ചെന്നും രാഹുൽ പറഞ്ഞു.
135 ദിവസം നീണ്ടുനിന്ന പദയാത്രയ്ക്കാണ് ഇന്ന് അവസാനമായത്. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര 14 സംസ്ഥാനങ്ങൾ പിന്നിട്ടാണ് കശ്മീരിലെത്തിയത്.മോദി സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഭാരത് ജോഡോ യാത്ര കോൺഗ്രസ് രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകുമെന്ന് വിലയിരുത്തപ്പെടുന്നു.