INDIA

ഗുലാം നബി ആസാദ് മുതൽ അനിൽ ആന്റണി വരെ; കോൺഗ്രസ് വിട്ടവരെ ട്രോളി രാഹുലിന്റെ ട്വീറ്റ്

കോൺഗ്രസിലെ അതൃപ്തരെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമം ബിജെപി ഊർജിതമാക്കുമ്പോൾ രാഹുൽ ഉയർത്തിയ പരിഹാസം പരസ്യ വാക്ക്പോരിലേക്ക് വഴിവച്ചിരിക്കയാണ്

വെബ് ഡെസ്ക്

കോൺഗ്രസിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ, പാർട്ടിവിട്ടവരെ ട്രോളി രാഹുൽ ഗാന്ധി. അടുത്തിടെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്തുപോവുകയും ബിജെപിയിൽ ചേരുകയോ പുതിയ സംഘടന രൂപീകരിക്കുകയോ ചെയ്തവരെ അദാനിയുമായി കൂട്ടിക്കെട്ടിയാണ് രാഹുലിന്റെ വിമർശനം.

ട്വിറ്ററിലാണ് രാഹുൽ ഗാന്ധി അദാനിയെ ചേർത്ത് മുൻ കോൺഗ്രസ് നേതാക്കളെ വിമർശിക്കുന്നത്. "അവർ സത്യം മറച്ചുവയ്ക്കുന്നു. അതുകൊണ്ടാണ് അവർ അനുദിനം തെറ്റിദ്ധരിപ്പിക്കുന്നത്!. ചോദ്യം അതുതന്നെയാണ് - അദാനിയുടെ കമ്പനികളിൽ ആരാണ് 20,000 കോടി രൂപയുടെ ബിനാമി പണം നിക്ഷേപിച്ചത്?" എന്ന വാക്കുകൾക്കൊപ്പം ചേർത്ത ചിത്രമാണ് ചർച്ചയാകുന്നത്. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ കുമാർ റെഡ്ഡി, ഹിമന്ത ബിശ്വശർമ്മ, അനിൽ ആന്റണി എന്നിവരുടെ പേരുകൾ ചേർത്ത് അദാനി എന്ന് എഴുതുകയാണ് രാഹുൽ ചെയ്തത്.

പാർട്ടിയിൽനിന്ന് 50 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് 2022-ൽ ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്. സെപ്തംബർ 26-ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി (ഡിഎപി) എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടിയും അദ്ദേഹം രൂപീകരിച്ചിരുന്നു. സ്വേച്ഛാധിപത്യമല്ല, ജനാധിപത്യപരമായിരിക്കും ഡിഎപിയുടെ തത്വങ്ങളെന്നായിരുന്നു പുതിയ പാർട്ടി രൂപീകരിച്ച ശേഷം അദ്ദേഹം പറഞ്ഞിരുന്നത്. ജമ്മുകശ്മീർ കേന്ദ്രീകരിച്ചാണ് പാർട്ടിയുടെ പ്രവർത്തനം.

രാഹുലിന്റെ അടുത്ത അനുയായിയാരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ഉൾപ്പാർട്ടി പോരിനെ തുടർന്ന് 2020ൽ ബിജെപിയിൽ ചേർന്നിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ 2015ലാണ് കോൺ​ഗ്രസ് വിട്ട് ബിജെപി കൂടാരത്തിലെത്തിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ കരുത്തുറ്റമുഖമാണ് ബിശ്വശർമയിപ്പോൾ. കോൺ​ഗ്രസിലെ മുതിർന്ന നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി വ്യാഴാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. വെള്ളിയാഴ്ച ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. സി രാജഗോപാലാചാരിയുടെ പൗത്രന്‍ സി ആർ കേശവൻ ശനിയാഴ്ച ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ കോൺഗ്രസ് വിട്ടിരുന്നു.

രാഹുൽ ​ഗാന്ധിയുടെ ട്വീറ്റിനെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രം​ഗത്തെത്തി. ബൊഫോഴ്‌സ്, നാഷണൽ ഹെറാൾഡ് അഴിമതികളിൽ നിന്ന് നേടിയ വരുമാനം എവിടെയാണ് മറച്ചുവെച്ചതെന്ന് നിങ്ങളോട് ഒരിക്കലും ചോദിക്കാത്തത് ഞങ്ങളുടെ മാന്യതയാണെന്നായിരുന്നു ഹിമന്തയുടെ മറുപടി. ഇറ്റാലിയൻ വ്യവസായിയും ബൊഫോഴ്‌സ് അഴിമതിക്കേസിലെ പ്രതിയുമായ ഒട്ടാവിയോ ക്വട്രോച്ചിയെ നിയമ നടപടികളിൽ നിന്ന് പലതവണ രക്ഷപ്പെടാൻ അനുവദിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

ഒരു ദേശീയ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് വിളിക്കപ്പെടുന്ന, കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ കൂടിയായ ഒരാൾ ഇത്തരത്തിൽ നിലവാരമില്ലാതെ പ്രതികരിക്കുന്നത് സങ്കടകരമാണെന്നായിരുന്നു അനിൽ ആന്റണിയുടെ മറുപടി. ഒരു ദേശീയ നേതാവിനെ പോലെയല്ല സോഷ്യൽ മീഡിയ ട്രോളറെ പോലെയെന്നും അനിൽ കുറ്റപ്പെടുത്തി. ഒരു കുടുംബത്തിന് വേണ്ടിയല്ല, ഇന്ത്യയ്ക്കും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനാണ് പാർട്ടി വിടേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. കോൺഗ്രസിലെ അതൃപ്തരെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമം ബിജെപി ഊർജിതമാക്കുമ്പോൾ രാഹുൽ ഉയർത്തിയ പരിഹാസം പരസ്യ വാക്ക്പോര് രൂക്ഷമാക്കുമെന്ന് ഉറപ്പ്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി