INDIA

രാഹുൽ ഗാന്ധി 2024ലും അമേഠിയില്‍ മത്സരിക്കും; സൂചന നല്‍കി യുപി കോൺഗ്രസ് അധ്യക്ഷൻ

വെബ് ഡെസ്ക്

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ തന്നെ മത്സരിച്ചേക്കും. ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

2004 മുതല്‍ 2019 വരെ അമേഠിയെ ലോക്സഭയില്‍ പ്രതിനിധീകരിച്ചിരുന്നത് രാഹുല്‍ ഗാന്ധിയായിരുന്നു. എന്നാല്‍ 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ രാഹുല്‍ അമേഠിയില്‍ പരാജയപ്പെട്ടിരുന്നു. സ്മൃതി ഇറാനിയോടായിരുന്നു രാഹുല്‍ പരാജയം ഏറ്റുവാങ്ങിയത്. വയനാട്ടിൽ നിന്നാണ് രാഹുൽ ഗാന്ധി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അജയ് റായിയുടെ പ്രസ്താവനയോടെ രാഹുല്‍ വീണ്ടും അമേഠിയിലേക്ക് മടങ്ങിയേക്കുമെന്ന സൂചകള്‍ കൂടിയാണ് ശക്തമാകുന്നത്.

എഐസിസി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിച്ചേയ്ക്കുമെന്ന സൂചനയും അജയ് റായ് നല്‍കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ മത്സരിക്കണമെന്നാണ് പ്രിയങ്കയുടെ തീരുമാനമെങ്കിൽ അവരുടെ വിജയം ഉറപ്പാക്കാൻ പ്രവര്‍ത്തിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019ലെ പൊതു തിരഞ്ഞെടുപ്പിലും വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന നിലയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അജയ് റായ് ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായത്. 2014ലും അജയ് റായ് വാരാണസിയിൽ നിന്ന് മത്സരിച്ച് നരേന്ദ്ര മോദിയോട് പരാജയപ്പെട്ടിരുന്നു.

വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നുള്ള സൂചനകൾ നേരത്തെ ഭർത്താവ് റോബർട്ട് വദ്രയും നൽകിയിരുന്നു. "പ്രിയങ്ക ലോക്‌സഭയിൽ ഉറപ്പായും ഉണ്ടായിരിക്കണം. അതിനുള്ള എല്ലാ യോഗ്യതയും അവർക്കുണ്ട്. കോൺഗ്രസ് പാർട്ടി അവരെ സ്വീകരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു," റോബർട്ട് വദ്ര വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

അതേസമയം, യുപി പിസിസി അധ്യക്ഷൻ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്‍റെ ആഗ്രഹമാണെന്നാണ് വിഷയത്തോട് എഐസിസി നേതാക്കള്‍ നടത്തുന്ന പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥി വിഷയത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. അമേഠിയോട് ഇപ്പോഴും രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്നും എഐസിസി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?