അംഗത്വത്തില്‍ നിന്നുള്ള അയോഗ്യത നീങ്ങി ലോക്‌സഭയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി, സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ രാഹുല്‍ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. കോണ്‍ഗ്രസിന്‌റെ ലോക്‌സഭാ കക്ഷി ഉപനേതാവായ ഗൗരവ് ഗൊഗോയ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ നാളെയും മറ്റന്നാളുമാണ് ചര്‍ച്ച.
പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദി നേരിടുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണ് ഇത്. ആദ്യത്തേത്ത് ഒന്നാം മോദി സര്‍ക്കാരിന്‌റെ കാലത്ത് 2018 ലായിരുന്നു. ആന്ധ്രപ്രദേശിന്‌റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് എന്‍ഡിഎയില്‍ നിന്ന് പുറത്തുപോയശേഷം ടിഡിപിയാണ് അന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ശിവസേനയും ബിജെഡിയും ചർച്ച ബഹിഷ്ക്കരിച്ചപ്പോൾ 126 നെതിരെ 325 വോട്ടിന് പ്രമേയം പരാജയപ്പെട്ടു.
2018ൽ 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ ശക്തമായ ഭാഷയിലാണ് കടന്നാക്രമിച്ചത്. രാജ്യത്തിന്‌റെ കാവൽക്കാരനാകേണ്ട ( ചൗക്കീധാര്‍) പ്രധാനമന്ത്രി അഴിമതിയില്‍ പങ്കാളിയായെന്ന് ( ഭാഗീധാര്‍) റഫേല്‍ വിഷയം ചൂണ്ടിക്കാട്ടി രാഹുല്‍ തുറന്നടിച്ചു. എന്നാല്‍ പ്രസംഗത്തിന് ശേഷം രാഹുല്‍ മോദിക്ക് സമീപമെത്തി കൈകൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തത് ഭരണപക്ഷത്തെയാകെ അമ്പരപ്പിലാഴ്ത്തി. പ്രതിപക്ഷ നിരയെനോക്കി കണ്ണിറുക്കിയാണ് രാഹുല്‍ തന്‌റെ ഇരിപ്പിടത്തല്‍ ഇരുന്നത്. നെഹ്രു- ഗാന്ധി കുടുംബത്തെ കരാറുകാരെന്നും (തേകേദാര്‍) കച്ചവടക്കാരെന്നും (സൗദാഗര്‍ എന്നും വിശേഷിപ്പിച്ചായിരുന്നു മോദി അന്ന് മറുപടി നല്‍കിയത്.
2018 ന് സമാനമായി ഒരിക്കല്‍ കൂടി മോദി- രാഹുല്‍ വാക് പോരിന് അവിശ്വാസ പ്രമേയ ചര്‍ച്ച വേദിയാകുമോ എന്നാണ് ആകാംക്ഷ. വ്യാഴാഴ്ചയാണ് പ്രമേയത്തിന്മേൽ പ്രധാനമന്ത്രിയുടെ മറുപടിയുണ്ടാകുക. രാഹുല്‍ ഗാന്ധി നാളെ സഭയില്‍ നടത്താനിരിക്കുന്ന പ്രസംഗമായിരിക്കും എല്ലാവരുടെയും ശ്രദ്ധ നേടുക എന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞാല്‍ രണ്ടാമതായി രാഹുല്‍ ഗാന്ധിയായിരിക്കും സംസാരിക്കുക.
മണിപ്പൂര്‍ കലാപ വിഷയത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതിരിക്കുകയും ഇരുസഭകളിലും പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യം പരിഗണിക്കാതിരിക്കുകയും ചെയ്തതോടെയാണ്, പ്രതിപക്ഷം അവിശ്വാസ പ്രമേയം ആയുധമാക്കിയത്. മണിപ്പൂര്‍ വിഷയം കേന്ദ്രീകരിച്ചാകും പ്രതിപക്ഷം സര്‍ക്കാരിനെതിരെ വാദങ്ങള്‍ ഉന്നയിക്കുക. ജൂണ്‍ 29 ന് മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി ജനങ്ങളുടെ ദുരിതങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെടുകയും പരമാവധി ശിക്ഷ ലഭിക്കുകയും ചെയ്തതോടെയാണ് രാഹുലിന് എം പി സ്ഥാനം നഷ്ടമായത്. പരമാവധി ശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ തിങ്കളാഴ്ച രാഹുലിന്‌റെ അയോഗ്യത നീക്കുകയായിരുന്നു.