കോൺഗ്രസിൽനിന്ന് രാജിവച്ചതിന് കാരണം രാഹുൽ ഗാന്ധിയെന്ന് ഗുലാം നബി ആസാദ്. 'നട്ടെല്ലില്ലാത്ത' ഒരാൾക്ക് മാത്രമേ കോൺഗ്രസിൽ തുടരാൻ കഴിയൂവെന്ന് ആസാദ് പറഞ്ഞു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കുറ്റക്കാരായ എംപിമാരെയും എംഎൽഎമാരെയും അയോഗ്യരാക്കാനുള്ള സുപ്രീംകോടതി ഉത്തരവിൽ മാറ്റം കൊണ്ടുവരാനുള്ള ഭേദഗതി രാഹുൽ വലിച്ചുകീറിക്കളഞ്ഞ സംഭവവും ആസാദ് ഓർമിപ്പിച്ചു.
ട്വിറ്ററിലൂടെ രാഷ്ട്രീയം കളിക്കുന്നവരേക്കാൾ ശരിക്കുമുള്ള കോൺഗ്രസുകാരൻ ഞാനാണ്. ഞാൻ 24 കാരറ്റ് കോൺഗ്രസുകാരനാണ്ആസാദ്
രാഹുലിന്റെ പ്രവൃത്തിയിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പകച്ചുനിൽക്കാൻ പാടിലായിരുന്നുവെന്നും ആസാദ് ചൂണ്ടിക്കാട്ടി. തന്റെ ആത്മകഥയായ 'ആസാദ്' എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇനി കോൺഗ്രസിലേക്ക് തിരികെയില്ലെന്നും ഗുലാം നബി വ്യക്തമാക്കി. രാഹുൽ കാരണമാണോ കോൺഗ്രസ് വിട്ടതെന്ന ചോദ്യത്തിന് താൻ മാത്രമല്ല മറ്റ് പലരും പാർട്ടി വിട്ടത് അതുകൊണ്ടാണെന്നുമായിരുന്നു മറുപടി. ''അതേ. ഞാൻ മാത്രമല്ല, ചെറുപ്പക്കാരും മുതിർന്നവരുമായ ഡസൻ കണക്കിന് നേതാക്കളും.. ഒരിക്കൽ കോൺഗ്രസിൽ ആയാൽ നട്ടെല്ലില്ലാതായി മാറും... പിന്നീട് നിങ്ങൾ ഓപ്പറേഷൻ ചെയ്യണം.''-ആസാദിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
അദ്ദേഹം രാജാവിന് സ്തുതി പാടുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്. ഒരിക്കൽ പാർട്ടി അണികൾക്ക് ദൈവമായിരുന്നയാൾ ഇപ്പോൾ ഒരു കളിമൺ വിഗ്രഹം പോലുമല്ലാതായിരിക്കുന്നുപവന് ഖേര
ബിജെപിയുമായി കൈകോർക്കാനുള്ള സാധ്യതയും ആസാദ് തള്ളിക്കളയുന്നില്ല. രാഷ്ട്രീയത്തിൽ 'തൊട്ടുകൂടാത്തവരായി' ആരുമില്ലെന്നായിരുന്നു, ബിജെപിയുമായുള്ള സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ആസാദിന്റെ പ്രതികരണം. 2013ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ഭേദഗതി ബിൽ രാഹുൽ കീറിക്കളഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ന് അദ്ദേഹം അയോഗ്യനാക്കപ്പെടില്ലായിരുന്നു.
"ട്വിറ്ററിലൂടെ രാഷ്ട്രീയം കളിക്കുന്നവരേക്കാൾ ശരിക്കുമുള്ള കോൺഗ്രസുകാരൻ ഞാനാണ്. ഞാൻ 24 കാരറ്റ് കോൺഗ്രസുകാരനാണ്" - ആസാദ് പറഞ്ഞു. എന്നാൽ തന്നെ പോലുള്ളവരെയൊന്നും അവർക്ക് ആവശ്യമില്ല. ട്വിറ്റർ ഉപയോഗിക്കുന്നതിൽ വേഗതയുള്ളവരെയും ഭാരത് ജോഡോ യാത്ര കഴിഞ്ഞാൽ പാർട്ടിക്ക് 500 സീറ്റ് കിട്ടുമെന്ന് അവകാശപ്പെടുവന്നവരെയുമാണ് അവർക്ക് വേണ്ടത്.
സോണിയ ഗാന്ധിയുടെ കയ്യിലല്ല ഇപ്പോൾ പാർട്ടി. സോണിയയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ല. അങ്ങനെയായിരുന്നു എങ്കിൽ ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തില്ലായിരുന്നു.
പുസ്തക പ്രകാശന ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ, ജനാർദൻ ദ്വിവേദി, പ്രതിപക്ഷ എംപിമാർ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പങ്കെടുത്തു. പാർട്ടിക്ക് ഒരു പ്രത്യയശാസ്ത്രവുമില്ലെന്നും കോൺഗ്രസിൽ അവശേഷിക്കുന്ന ഒരേയൊരു പ്രത്യയശാസ്ത്രം രാജ്യദ്രോഹികളുടേതാണ് സിന്ധ്യയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അതേസമയം ആസാദിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസിന്റെ മീഡിയ വിഭാഗം ചുമതലയുള്ള പവൻ ഖേര ആസാദിനെതിരെ തുറന്നടിച്ചു.
50 വർഷമായി അദ്ദേഹം എതിർത്തിരുന്ന പ്രത്യയശാസ്ത്രത്തെയാണ് ഇപ്പോൾ ആസാദ് പിന്തുടരുന്നത്. ഇപ്പോൾ അദ്ദേഹം രാജാവിന് സ്തുതി പാടുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്. ഒരിക്കൽ പാർട്ടി അണികൾക്ക് ദൈവമായിരുന്നയാൾ ഇപ്പോൾ ഒരു കളിമൺ വിഗ്രഹം പോലുമല്ലാതായിരിക്കുന്നു. താൻ ഇപ്പോൾ 'ആസാദ്' (സ്വതന്ത്രൻ) എന്നെന്ന് അദ്ദേഹം പറയുന്നു പക്ഷേ യഥാർഥത്തിൽ അദ്ദേഹം ഗുലാം (അടിമ) ആയി തീർന്നിരിക്കുകയാണ്. പാർട്ടി അദ്ദേഹത്തിന് ഒരുപാട് നൽകി എന്നാൽ അതേ പാർട്ടിയെ തന്നെ ശപിക്കുകയാണ് ആസാദെന്നും പവൻ ഖേര പറഞ്ഞു.
''ഗുലാം നബി ആസാദിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും കോൺഗ്രസ് സംവിധാനവും അതിന്റെ നേതൃത്വവും കാര്യമായി തന്നെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഓരോ ദിവസം ചെല്ലുന്തോറും അവർ അതിന് അർഹരായിരുന്നില്ല എന്നതിന് ശക്തമായ തെളിയിക്കുന്നു. ഇത്രയും കാലം മറച്ചുവച്ച അവരുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുകയാണ്''-കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു.