റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദി സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ നിർദ്ദേശിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാട് പ്രതിപക്ഷത്തിനുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. മൂന്ന് ദിവസത്തെ യൂറോപ്യൻ പര്യടനത്തിനിടെ ഇന്ന് ബെൽജിയത്തിലെ ബ്രസൽസിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
അതേസമയം, കഴിഞ്ഞ മാർച്ചിൽ യുകെയിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ പ്രസംഗത്തിലെ നിലപാട് രാഹുല്‍ ആവർത്തിക്കുകയും ചെയ്തു. ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തതിനെ അദ്ദേഹം വിമർശിച്ചു.
"ഇന്ത്യയിലെ ജനാധിപത്യത്തിനായുള്ള പോരാട്ടം ഞങ്ങളുടേതാണ് (പ്രതിപക്ഷം). ഇത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഞങ്ങളുടെ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം ഞങ്ങൾ തടുത്തിരിക്കും. അത് പ്രതിപക്ഷം ഉറപ്പാക്കും", അദ്ദേഹം പറഞ്ഞു. ബ്രസൽസിൽ യൂറോപ്യൻ പാർലമെന്റിലെ നിരവധി അംഗങ്ങളെ കാണുകയും ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ആതിഥേയത്വം വഹിക്കുന്ന അത്താഴവിരുന്നിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തതിന് മോദി സർക്കാരിനെ രാഹുൽ ഗാന്ധി വിമർശിച്ചു. "പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടെന്ന് അവർ തീരുമാനിച്ചു. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനം വരുന്ന ആളുകളുടെ നേതാവിനെ അവർ വിലമതിക്കുന്നില്ലെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്," രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം റഷ്യ-യുക്രെയ്ൻ സംഘർഷത്തെക്കുറിച്ചും ഇന്ത്യയുടെ നിലപാടിനെക്കുറിച്ചുമുള്ള ചോദ്യത്തിന് മോദി സർക്കാരിന്റെ നിലപാടിനെ അംഗീകരിച്ചാണ് രാഹുൽ മറുപടി പറഞ്ഞത്. "റഷ്യയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനോട് പ്രതിപക്ഷം യോജിക്കുന്നു. സർക്കാർ ഇപ്പോൾ നിർദ്ദേശിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാട് പ്രതിപക്ഷത്തിന് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല," രാഹുൽ പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദി സർക്കാരിന്റെ നിലപാടിനെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പ്രശംസിച്ചിരുന്നു. രാജ്യം അതിന്റെ പരമാധികാരവും സാമ്പത്തിക താൽപ്പര്യങ്ങൾക്കും മുൻഗണന നൽകി ശരിയായ കാര്യമാണ് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യൂറോപ്പിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പര്യടനത്തിലാണ് രാഹുൽ ഗാന്ധി. ബെൽജിയത്തിൽ രാഷ്ട്രീയ നേതാക്കളുമായും ഇന്ത്യൻ പ്രവാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.