ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഇന്ത്യ സഖ്യം വിട്ട് ബിജെപിയിലേക്ക് തിരിച്ചു പോകുമ്പോൾ, എല്ലാ അർത്ഥത്തിലും നഷ്ടം കോൺഗ്രസിന് മാത്രമാണോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ സഖ്യം വിട്ടുപോയ നേതാക്കളുടെ സ്വാധീനവും കരുത്തും വച്ച് ചെറിയ നഷ്ടമൊന്നുമല്ല സംഭവിച്ചത് എന്ന് മനസിലാക്കാൻ അവരുടെ പേരുകൾ മാത്രം മതിയാകും. മമത ബാനർജിയും, അരവിന്ദ് കേജരിവാളും ബംഗാളിലും പഞ്ചാബിലും സഖ്യമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ബിജെപിയിലേക്ക് തിരിച്ചു പോകാൻ നിതീഷ് കുമാർ ആലോചിക്കുന്നതായും, ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ചനടത്തിയെന്നുമുള്ള വിവരങ്ങൾ പുറത്ത് വരുന്നത്.
നിതീഷ് കുമാറിന്റെ പിന്മാറ്റത്തിന് പിന്നിലുള്ള യഥാർത്ഥ കാരണമെന്നതാണ് വ്യാപകമായി ഉയരുന്ന ചോദ്യം. പട്നയിൽ 'ഇന്ത്യ' സഖ്യത്തിന്റെ ആദ്യ യോഗത്തിന് നേതൃത്വം വഹിച്ചത് നിതീഷായിരുന്നു. ഒരുപക്ഷെ പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാൻ മുൻകൈയെടുത്തത് എന്നുകൂടെ പറയാം. സഖ്യത്തിന്റെ കൺവീനർ സ്ഥാനത്തേക്ക് നിതീഷ് കുമാർ വരും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. പക്ഷെ ഒടുവിൽ കൺവീനർ ആകുന്നത് മല്ലികാർജ്ജുൻ ഖാർഗെയാണ്. നിതീഷ് കുമാറിനെ സഖ്യത്തിന്റെ കൺവീനർ ആക്കണമെന്ന് സിപിഎമ്മിൽ നിന്ന് സീതാറാം യെച്ചൂരിയാണ് ആവശ്യപ്പെട്ടതെന്നും, ലാലു പ്രസാദ് യാദവും ശരദ് പവാറും ഈ നിർദേശത്തെ പിന്തുണച്ചുവെന്നുമാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ ഈ അവസരത്തിൽ രാഹുൽ ഗാന്ധി ഇടപെട്ട്, ഈ സ്ഥാനത്തേക്ക് മമതയെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട് എന്ന് പറയുകയും നിതീഷ് കുമാർ എന്ന നിർദേശം തള്ളിക്കളയുകയും ചെയ്തതാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ രാഹുൽ സംരക്ഷിക്കാനും ഉയർത്തിക്കാണിക്കാനും ശ്രമിച്ച മമത ബാനർജി ഇപ്പോൾ എവിടെയാണ് എന്ന ചോദ്യം അവിടെയുണ്ട്.
യോഗത്തിൽ വരാത്ത മമതയുടെ അഭിപ്രായങ്ങൾക്കുവേണ്ടി കാത്തിരിക്കേണ്ടതില്ല എന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല എന്ന് നിതീഷ് കുമാറിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. സോണിയ ഗാന്ധിയോ ഖാർഗെയോ രാഹുലിനെ തിരുത്താൻ ശ്രമിച്ചില്ല എന്നും ഇവർക്ക് പരാതിയുണ്ട്. മോദിയെ താഴെയിറക്കാൻ കഴിയില്ല എന്ന് അതിലൂടെ മനസിലാക്കിയ നിതീഷ്, "നിങ്ങൾക്ക് മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ സാധിക്കുന്നില്ലെങ്കിൽ അവരോടൊപ്പം ചേരൂ" എന്ന് പറഞ്ഞതായാണ് വിവരങ്ങൾ. നിതീഷ് കുമാറിനും മുകളിൽ മറ്റൊരാളുടെ പേരുണ്ട് എന്ന കാര്യം അദ്ദേഹത്തെ അലോസരപ്പെടുത്തി. രാഹുൽ ഗാന്ധിയാണ് ഇന്ത്യ സഖ്യത്തിന്റെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതെങ്കിൽ ബിജെപിയെ എല്ലാത്തരത്തിലും നേരിടാൻ സഖ്യത്തിന് സാധിക്കില്ല എന്നാണ് നിതീഷിനെ പിൻതുണയ്ക്കുന്നവർ പറയുന്നത്.
രാഹുൽ ഗാന്ധി ഭാരത് ജോഡോയ്ക്ക് ശേഷം നടത്തുന്ന ന്യായ് യാത്രയ്ക്കിടെയാണ് ഈ സംഭവവികാസങ്ങളെല്ലാം ഉണ്ടാകുന്നത് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. നിതീഷ് കുമാർ യാത്രയിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിക്കുന്നതിൽ നിന്ന് തന്നെ 'ഇന്ത്യ' സഖ്യത്തിൽ എന്തോ പ്രശ്നമുണ്ട് എന്ന് മനസ്സിലാക്കാനാകും. തിരഞ്ഞെടുപ്പിലേക്കടുക്കുന്ന സമയത്ത്, അയോധ്യ മുന്നിൽ വച്ച് സർവ്വ സന്നാഹങ്ങളുമായി ബിജെപി ഒരുങ്ങുമ്പോഴാണ് അവസാന നിമിഷം നിതീഷ് യുടേൺ എടുക്കുന്നത്. ബിജെപിക്കെതിരെ മഹാഗഡ്ബന്ധൻ രൂപീകരിച്ച് ബിജെപിക്കെതിരെ ശക്തമായ വിജയം നേടിയതിനു ശേഷം, ആ സഖ്യം തകർത്ത് ബിജെപിക്കൊപ്പം പോയ വ്യക്തിയാണ് നിതീഷ് കുമാർ. ശേഷം 2020ൽ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബിജെപിയോടൊപ്പമായിരുന്നു നിതീഷ്.
പിന്നീട് 2022ൽ ഇനി ബിജെപിക്കൊപ്പമില്ല എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചാണ് നിതീഷ് എൻഡിഎ വിടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ യു ടേൺ എടുത്ത നിതീഷിനെ ഇനിയെങ്ങനെ വിശ്വസിക്കും എന്ന ചോദ്യമുണ്ട്. എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ട ചോദ്യം മമതയെ ഉയർത്തിക്കാണിക്കാൻ ശ്രമിച്ച് നിതീഷ് കുമാറിനെയും മമതയെയും ഒരുമിച്ച് നഷ്ടപ്പെട്ട രാഹുൽ ഗാന്ധി ഇനിയെന്ത് ചെയ്യും എന്നതാണ്.