മേഘാലയയിൽ ബിജെപിയുടെ വിജയം ഉറപ്പാക്കുന്നതിന് തൃണമൂൽ കോൺഗ്രസ് പരിശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷില്ലോങ്ങില്‍ നടന്ന പ്രചാരണപരിപാടിയില്‍ സംസാരിക്കവേയാണ് ആരോപണം. മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തുന്നുണ്ടെന്നും 2024ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും നാഗാലാന്റിലെ പൊതുയോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് തൃണമൂൽ കോൺഗ്രസിനെതിരായ രാഹുലിന്റെ ആക്രമണം.
ഇന്ത്യയെ മനോഹരമാക്കുന്നത് അതിന്റെ വൈവിധ്യമാണെന്ന്. പക്ഷേ ബിജെപിയും ആർഎസ്എസും അത് അംഗീകരിക്കാൻ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും മതത്തെയും ആക്രമിക്കാനും നശിപ്പിക്കാനുമാണ് അവർ ശ്രമിക്കുന്നത്. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയെയും ആർഎസ്എസിനെയും കുറുമ്പ് കാണിക്കുന്ന കുട്ടികളുമായി ഉപമിച്ച അദ്ദേഹം ഭയപ്പെടുത്തി ഭരിക്കുന്ന രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും കുറ്റപ്പെടുത്തി.
''തമിഴ്നാട്, കർണാടകം, മേഘാലയ, ജമ്മു കശ്മീർ, ഹരിയാന തുടങ്ങി ഓരോ സംസ്ഥാനത്തെയും ആർഎസ്എസ് ആക്രമിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം ഒരേ ആശയം അടിച്ചേൽപ്പിക്കാനാണ് അവരുടെ ശ്രമം. അത് ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല.'' രാഹുൽ പറഞ്ഞു. ഒരു ഭീരു മാത്രമാണ് തന്റെ ഇഷ്ടം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
''അവർ സൃഷ്ടിക്കുന്ന വർഗീയ ധ്രുവീകരണത്തെക്കുറിച്ച് നമുക്കറിയാം. കർണാടകയിലെ മതപരിവർത്തന നിരോധന നിയമത്തിനെക്കുറിച്ച് നമുക്കറിയാം, കൂട്ടക്കൊലകളെക്കുറിച്ച് നമുക്കറിയാം. അഹിംസയിലൂടെയും പരസ്പര സ്നേഹത്തിലൂടെയും ഒരുമിച്ച് നിന്ന് അവർക്കെതിരെ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.''
പാർലമെന്റ്, മാധ്യമങ്ങൾ തുടങ്ങി ജുഡീഷ്യറി വരെ ബിജെപിയുടെയും ആർഎസ്എസിന്റെയും കീഴിൽ ആയത് കൊണ്ടാണ് ഭാരത് ജോഡോ യാത്ര നടത്താൻ നിർബന്ധിതരായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗൗതം അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാർലമെന്റിൽ ഉന്നയിച്ച ആരോപണങ്ങളും അദ്ദേഹം ആവർത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് രാഹുൽ ഗാന്ധി പൊതുപരിപാടിയിൽ പങ്കെടുത്തത്. മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ്.