INDIA

ചേതൻ സിങ്ങിന് മാനസികാസ്വാസ്ഥ്യമില്ല, ട്രെയിനിലെ കൂട്ടക്കൊല നടത്തിയത് ബോധപൂർവമെന്ന് കുറ്റപത്രം

ഒക്‌ടോബർ 20നാണ് മുംബൈയിലെ ബോറിവലി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്

വെബ് ഡെസ്ക്

ജയ്‌പൂർ- മുംബൈ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ റെയിൽവേ സുരക്ഷാസേന കോൺസ്റ്റബിൾ ചേതൻ സിങ് ചൗധരി നാലുപേരെ വെടിവച്ചു കൊലപ്പെടുത്തിയത് ബോധപൂർവമെന്ന് കുറ്റപത്രം. ജൂലൈ 31ന് കൂട്ടക്കൊല നടത്തുമ്പോൾ ചേതൻ സിങ്ങിന് മനസികാസ്വാസ്ഥ്യമില്ലെന്നും പ്രവൃത്തികളെപ്പറ്റി പൂർണബോധ്യമുണ്ടായിരുന്നുവെന്നും റെയിൽവേ പോലീസ് ഫയൽ ചെയ്ത കുറ്റപത്രത്തിൽ പറയുന്നു. ഒക്‌ടോബർ 20നാണ് മുംബൈയിലെ ബോറിവലി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

നൂറ്റിയമ്പതിലധികം ദൃക്‌സാക്ഷികളെ വിസ്തരിച്ച് തയാറാക്കിയ 1203 പേജുള്ള കുറ്റപത്രത്തിൽ ചേതൻ സിങ് മുസ്ലിം വിഭാഗത്തിലുള്ളവരെ കണ്ടെത്തി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് വ്യക്തമാക്കുന്നു. ദൃക്‌സാക്ഷികളുടെ മൊഴികൾക്ക് പുറമെ ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.

ഇരകളെ തേടി ചൗധരി വിവിധ കമ്പാർട്ടുമെന്റുകളിലൂടെ സഞ്ചരിക്കുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ ഒരാളെ കൊന്നശേഷം അയാളുടെ അരികിൽനിന്ന് മുസ്ലിങ്ങളെ കൊല്ലുന്നതിനെ ന്യായീകരിക്കുന്ന ചേതൻ സിങ്ങിന്റെ ദൃശ്യങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരാളെ വെടിവച്ചശേഷം ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നരേന്ദ്ര മോദിയും യോഗി ആദിത്യനാഥുമാണ് മുന്നോട്ടുള്ള ഏക വഴിയെന്ന് ചേതൻ സിങ് പറയുന്ന ദൃശ്യങ്ങൾ കൊലപാതകത്തിന് പിന്നാലെ പ്രചരിച്ചിരുന്നു. ട്രെയിനിലുണ്ടായിരുന്ന ബുർഖ ധരിച്ച യാത്രക്കാരിയെ ചേതൻ സിങ്, 'ജയ് മാതാ ദി' എന്ന് വിളിക്കാൻ ഭീഷണിപ്പെടുത്തിയതായും വാർത്തകൾ വന്നിരുന്നു. എന്നാൽ പ്രതിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിലടക്കം ആദ്യം ചൂണ്ടിക്കാട്ടിയിരുന്നത്.

മേലുദ്യോഗസ്ഥൻ ടിക്കറാം മീന ഉൾപ്പടെ നാലുപേരെയായിരുന്നു ചേതൻ സിങ് വെടിവച്ചുകൊന്നത്. ഡ്യൂട്ടി കഴിയുന്നതിന് മുൻപ് പോകാൻ അനുവദിക്കാത്തതിന്റെ ദേഷ്യത്തിലായിരുന്നു മേലുദ്യോഗസ്ഥനെ വധിച്ചത്. അതിനുപിന്നാലെയാണ് പല ബോഗികളിലായി ഓടിനടന്ന് മറ്റ് മൂന്നുപേരെ കൂടി മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ കൊന്നത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

ചേതൻ സിങ് ചൗധരിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 153-എ (വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നിലവിൽ അകോല ജില്ലാ ജയിലിൽ തടവിലാണ് ചേതൻ സിങ്.

സംഭവം വിവാദമായതോടെ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ പി എഫ്) അഡിഷണൽ ഡയറക്ടർ ജിടെറലിന്റെ നേതൃത്വത്തിൽ ഒഉന്നതതല സമിതി രൂപീകരിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ