ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും കനത്തമഴയും മിന്നല്‍ പ്രളയവും രണ്ട് ദിവസങ്ങളിലായി 12 പേരാണ് മടക്കെടുതിയില്‍ മരിച്ചത്. ഡല്‍ഹിയില്‍ 40 വര്‍ഷത്തിനിടെ ലഭിച്ച റെക്കോര്‍ഡ് മഴയാണ് ഇത്തവണത്തേത്.
അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‌റെ മുന്നറിയിപ്പ്. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ , രാജസ്ഥാന്‍ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പ്രാദേശിക വാതമായ പശ്ചിമ അസ്വസ്ഥതയുടെ പ്രഭാവമാണ് അതിശക്തമായ മഴയ്ക്ക് കാരണം.
ഡല്‍ഹിയില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിനിടെ 153 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്ക്. 1982 ജൂലൈയ്ക്ക് ശേഷം സംസ്ഥാനത്ത് ഒരു ദിവസം പെയ്യുന്ന ഉയര്‍ന്ന മഴയാണ്. കനത്ത മഴയില്‍ നഗരത്തിന്‌റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇത് ഗതാഗതം താറുമാറാക്കി. വീടിന്‌റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഡല്‍ഹിയില്‍ 58 കാരി മരിച്ചു. തെക്കു പടിഞ്ഞാറന്‍ രാജസ്ഥാനിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടമാണ് ഉണ്ടായത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
ഹിമാചല്‍ പ്രദേശിലെ ഏഴ് ജില്ലകളിലും ഉത്തരാഖണ്ഡിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഷിംല ,സിരമൗര്‍, ലോഹൈള്‍ , സ്പിതി, ചമ്പ ,സോളന്‍ ജില്ലകളിലെ ജനജീവിതം താറുമാറായി.
ബിയാസ് നദിയില്‍ ജല നിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. മണ്ടി ജില്ലയിൽ ബിയാസ് നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പല ദേശീയ പാതകളിലും ഗതാഗത തടസമുണ്ടായി. കല്ലും മണ്ണും വീണ നിലയിലാണ് മിക്ക റോഡുകളുടേയും അവസ്ഥ. കുളു - മണാലി റോഡില്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചു. ലേഹ് - മണാലി ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി.