INDIA

ഉത്തരേന്ത്യയിൽ മഴക്കെടുതിക്ക് ശമനമില്ല; 24 മണിക്കൂറിനിടെ 20 മരണം, വീടുകളും റോഡുകളും തകർന്നു

ചൊവ്വാഴ്ച കാലാവസ്ഥ തെളിഞ്ഞതോടെ പലഭാഗങ്ങളിലും രക്ഷാപ്രവർത്തനം പുനരാരംഭിച്ചു

വെബ് ഡെസ്ക്

കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലവെള്ളപാച്ചിലിലും നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ 20 മരണം. മണ്ണിടിച്ചിലിലും മലവെള്ളപാച്ചിലിലും പലയിടങ്ങളിലും റോഡുകൾ തകർന്നു. ഉത്തരാഖണ്ഡിൽ ഉത്തരകാശി-ഗംഗോത്രി ഹൈവേയില്‍ മൂന്ന് വാഹനങ്ങളിൽ പാറക്കഷ്ണങ്ങൾ വന്നിടിച്ച് നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പഞ്ചാബിൽ 10 പേർ മരിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് മറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ സംസ്ഥാനങ്ങളിൽ കൃഷിയ്ക്കും വ്യാപക നാശനഷ്ടമുണ്ടായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻപോലുമാകാതെ കുടുങ്ങികിടക്കുകയാണ്.

ഡല്‍ഹി, ഹരിയാന,ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് മഴ അതിശക്തമായ നാശം വിതച്ചത്.

ഹിമാചല്‍പ്രദേശില്‍ നിര്‍ത്താതെ പെയ്ത മഴയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 31 പേര്‍ മരിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്താകെ 80ലേറെ മരണമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ 1,300 റോഡുകള്‍ അടച്ചിട്ടു. മൂന്ന് ദിവസത്തിനിടെ 40 പാലങ്ങള്‍ തകര്‍ന്നു. ഹരിയാനയില്‍ ഞായറാഴ്ച മുതല്‍ പെയ്ത മഴയില്‍ ഏഴുമരണം റിപ്പോർട്ട് ചെയ്തു. കുരുക്ഷേത്ര ജില്ലയില്‍ കനാൽ തകർന്ന് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വെള്ളത്തിനടിയിലായി.

ചൊവ്വാഴ്ച കാലാവസ്ഥ തെളിഞ്ഞതോടെ പലഭാഗങ്ങളിലും രക്ഷാപ്രവർത്തനം പുനരാരംഭിച്ചിരുന്നു. ഇതുവരെയുണ്ടായ നാശനഷ്ടം എത്രയെന്ന് തിട്ടപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്കായിട്ടില്ല. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുക, ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കുക എന്നിവയ്ക്കാണ് സംസ്ഥാന സർക്കാരുകൾ പ്രാഥമിക പരിഗണന നൽകുന്നത്. ഇതിന് ശേഷം നാശനഷ്ടം കണക്കാക്കാമെന്നാണ് തീരുമാനം.

ഉത്തരേന്ത്യയില്‍ മഴ രൂക്ഷമാകുമ്പോൾ തമിഴ്‌നാട് ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ കാലവർഷത്തിൽ പതിവിലും കുറഞ്ഞ മഴയാണ് ലഭിക്കുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന്റെയും കര്‍ണാടകയുടെയും തീരപ്രദേശങ്ങളില്‍ ജൂലൈ ആദ്യവാരം മാത്രമാണ് മഴ ലഭിച്ചത്. തെലങ്കാന, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെല്ലാം കാർഷികമേഖല വലിയ തിരിച്ചടിയാണ് നേരിടുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം