രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അദ്ധ്യക്ഷനായാല്‍ പകരക്കാരനായി മുഖ്യമന്ത്രി സ്ഥാനത്ത് ആരെത്തുമെന്ന് ഇന്നറിയാം. ജയ്പൂരില്‍ വൈകിട്ട് ഏഴിന് നടക്കുന്ന നിര്‍ണായക കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അജയ് മാക്കന്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരും പങ്കെടുക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ യോഗത്തിന്റെ നിരീക്ഷകനായി പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്.
അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. വെള്ളിയാഴ്ച തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം ഗെഹ്‌ലോട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രണ്ട് സ്ഥാനങ്ങളും ഒരുമിച്ച് വഹിക്കാനാണ് താല്‍പര്യമെന്ന് ഗെഹ്‌ലോട്ട് വ്യക്തമാക്കിയിരുന്നെങ്കിലും ഒരു വ്യക്തിക്ക് ഒരു സ്ഥാനം എന്ന പാര്‍ട്ടി നയത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നില്‍ക്കുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ തന്റെ എതിരാളിയായ സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി പദം വിട്ടു കൊടുക്കുന്നതിലുള്ള വൈമുഖ്യം കാരണമാണ് ഗെഹ്‌ലോട്ട് രാജി വെക്കാന്‍ തയ്യാറാകാത്തത് എന്ന രീതിയിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗെഹ്‌ലോട്ട് തന്റെ കടുംപിടിത്തം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് ഗെഹ്‍ലോട്ട് രാജിവെക്കുമെന്ന വ്യക്തമായ സൂചനയാണ് നിയമസഭാകക്ഷി യോഗം വിളിക്കാനുള്ള പാർട്ടിയുടെ തീരുമാനം. തന്റെ പിൻഗാമിയെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഗെഹ്‌ലോട്ട് പറയുമ്പോഴും തന്റെ പാളയത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ മുന്നോട്ട് കൊണ്ടുവെയ്ക്കുമോ എന്നും കണ്ടറിയാം. ഭൂരിപക്ഷം എംഎൽഎമാർ പിന്തുണയ്ക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കുക എന്ന നയത്തിൽ വിട്ടുവീഴ്‍ച പാടില്ലെന്ന് ഗെഹ്‍ലോട്ട് ആവശ്യപ്പെട്ടേക്കും.
2024-ഓടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനും ഛത്തീസ്ഗഡുമാണ് കോണ്‍ഗ്രസ് ഒറ്റകക്ഷിയായി അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ എല്ലാ തീരുമാനങ്ങളും പാര്‍ട്ടി വിശദമായി കൂടിയാലോചിച്ച ശേഷമാണ് കൈക്കൊള്ളുന്നത്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രണ്ട് പതിറ്റാണ്ടിന് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ പാര്‍ട്ടിയെ നയിക്കുന്ന നേതാവായി ഗെഹ്‌ലോട്ട് മാറും.