ബിഹാറിനു പിന്നാലെ സംസ്ഥാന തലത്തില്‍ ജാതി സെന്‍സസ് നടത്താന്‍ തയാറെടുത്ത് രാജസ്ഥാന്‍. സംസ്ഥാനത്ത് ഒബിസി വിഭാഗത്തില്‍ പെടുന്നവരുടെ കൃത്യമായ കണക്ക് കണ്ടെത്താനും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ തിട്ടപ്പെടുത്താനുമായി ഉടന്‍ ജാതി സെന്‍സസ് നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചു.
ഇന്നലെ ചേര്‍ന്ന രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ജയ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത എല്ലാവരും സെന്‍സസ് നടത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. രാജസ്ഥാന്റെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്ജിന്ദര്‍ രണ്‍ധാവയുടെ അധ്യക്ഷതയിലാണ് ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്സ്ര, യുവ നേതാവും എംപിയുമായ സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ മാസം ആദ്യമാണ് ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാനത്തെ 13 കോടി ജനസംഖ്യയില്‍ 36 ശതമാനവും അതിപിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ് സെന്‍സസ് സാക്ഷ്യപ്പെടുത്തിയത്. 27.12 ശതമാനം പേര്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടിക ജാതി വിഭാഗത്തില്‍പെടുന്നവരും 1.68 ശതമാനം പട്ടിക വിഭാഗക്കാരുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 15.52 ശതമാനമാണ് സംവരണേതര വിഭാഗത്തില്‍പ്പെടുന്ന മുന്നാക്ക വിഭാഗം.
ബിഹാറിലെ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസാണ് ഈ ആവശ്യം ശക്തമായി മുന്നോട്ടുവച്ചത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത് ജാതി സെന്‍സസ് നടത്തുകയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സെന്‍സസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.