വനിതാസംവരണ ബിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്ന് സോണിയ ഗാന്ധി. ബിൽ എത്രയും പെട്ടെന്ന് നടപ്പാക്കണം. ഇനിയും വൈകുന്നത് സ്ത്രീകളോട് കാണിക്കുന്ന അനീതിയാണ്. ഒബിസി, പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ഉപസംവരണം നടപ്പാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. വനിതാസംവരണ ബിൽ സംബന്ധിച്ച് ലോക്‌സഭയിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
"തദ്ദേശ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം നിശ്ചയിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് രാജീവ് ഗാന്ധിയാണ്, അന്ന് ഏഴ് വോട്ടിനാണ് അത് രാജ്യസഭയിൽ പരാജയപ്പെട്ടത്. അതിനുശേഷമാണ് പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രാജ്യസഭയിൽ ബിൽ പാസാക്കുന്നത്. കോൺഗ്രസിന്റെ ശ്രമഫലമായാണ് രാജ്യത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ 15 ലക്ഷം വനിതാ നേതാക്കൾ തിരഞ്ഞെടുക്കപ്പെട്ടത്," സോണിയ പറഞ്ഞു.
ബിൽ നടപ്പാക്കുന്നതിൽ സന്തോഷമുണ്ട്. മുൻപ് ഭാഗികമായി പൂർത്തീകരിക്കപ്പെട്ട രാജീവ് ഗാന്ധിയുടെ സ്വപ്നം ഈ ബിൽ പാസാകുന്നതോടെ പൂർത്തിയായാകും. തന്നെ സംബന്ധിച്ച് ജീവിതത്തിലെ വൈകാരിക നിമിഷം കൂടിയാണിത്.
ബിൽ പ്രാവർത്തികമാക്കുന്നത് ഇനിയും വൈകുന്നത് സ്ത്രീകളോട് കാണിക്കുന്ന അനീതിയാണ്. ജാതി സെൻസസ് ഉടനെ നടത്തണം. ബില്ലിനൊപ്പം ഒബിസി, പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ഉപസംവരണം നടപ്പാക്കണം.
രാജ്യത്തിന്റെ ഉന്നതിയിൽ പ്രവർത്തിച്ച സ്ത്രീകളെ അനുസ്മരിച്ചു കൊണ്ടാണ് സോണിയ ഗാന്ധി പ്രസംഗം ആരംഭിച്ചത്. ഭാരതത്തിന്റെ ഓരോ വളർച്ചയിലും പുരുഷനോടൊപ്പം തോളോട് തോൾ നിൻ പോരാടിയവരാണ് സ്ത്രീകളെന്നും അവർ പറഞ്ഞു.
"സരോജിനി നായിഡു, സുചേത കൃപലാനി, അരുണ അസഫ് അലി, വിജയലക്ഷ്മി പണ്ഡിറ്റ്, രാജകുമാരി അമൃത് കൗർ ഉൾപ്പെടെയുള്ള ഒട്ടനവധി സ്ത്രീകൾ അന്നുമുതൽ ഇന്നുവരെ ഓരോ തവണയും ദുഷ്കരമായ ഘട്ടങ്ങളിൽ മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ, അംബേദ്‌കർ, മൗലാന ആസാദ് എന്നിവരോടൊപ്പംനിന്ന് അവരുടെ സ്വപ്നങ്ങൾ നിറവേറ്റിയവരാണ്, ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ദിര ഗാന്ധിയുടെ വ്യക്തിത്വം," സോണിയ ഗാന്ധി പറഞ്ഞു.