INDIA

'നിങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്നത് ചെയ്യുക'; രാജ്‌നാഥ് സിങ്ങിന്റെ ആ നിർദേശം വെളിപ്പെടുത്തി മുന്‍ സൈന്യത്തലവന്‍

വെബ് ഡെസ്ക്

2020 ഓഗസ്റ്റ് 31-ന് ചൈനീസ് പിഎല്‍എ ടാങ്കുകളും ട്രൂപ്പുകളും കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നീങ്ങിയതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നല്‍കിയ നിർദേശം വെളിപ്പെടുത്തി അന്നത്തെ ആർമി ചീഫ് ജനറല്‍ എംഎം നരവനെ. 'നിങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്നത് എന്താണോ അത് ചെയ്യുക' എന്നായിരുന്നു രാജ്‌നാഥ് സിങ് നിർദേശിച്ചതെന്ന് 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന തന്റെ ഓർമക്കുറിപ്പില്‍ നരവനെ വ്യക്തമാക്കി.

അന്നത്തെ രാത്രി പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ഠാവുമായുള്ള നിർണായക ഫോണ്‍ സംഭാഷണത്തെക്കുറിച്ചും നരവനെ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രതിരോധമന്ത്രിയുമായുള്ള ഫോണ്‍സംഭാഷണത്തിന് പിന്നാലെ നൂറ് ചിന്തകള്‍ തന്റെ മനസിലേക്ക് എത്തിയതായി നരവനെ പറയുന്നു. "സാഹചര്യം എത്രത്തോളം ഗൗരവതരമാണെന്നത് ഞാന്‍ പ്രതിരോധമന്ത്രിയോട് പറയുകയും അദ്ദേഹം പ്രധാനമന്ത്രിയുമായി സംസാരിച്ചശേഷം എന്നെ തിരിച്ചുവിളിക്കുകയുമായിരുന്നു. പൂർണമായും സൈനിക തീരുമാനമാണെന്നും ഉചിതമെന്തെന്ന് തോന്നുന്നുവോ അത് ചെയ്യുക എന്നാണ് എനിക്ക് അദ്ദേഹം നല്‍കിയ നിർദേശം," നരവനെ എഴുതി.

"ആർമി ഹൗസിലെ എന്റെ ഓഫീസിലായിരുന്നു ഞാന്‍. ഒരു വശത്ത് ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഭൂപടം. മറുവശത്ത് ഈസ്റ്റേണ്‍ കമാന്‍ഡും. മാർക്ക് ചെയ്യപ്പെടാത്ത ഭൂപടമായിരുന്ന അത്, ഞാന്‍ ഭൂപടത്തെ ദൃശ്യവല്‍ക്കരിക്കുകയും ചെയ്തു. ഞങ്ങള്‍ എല്ലാ തരത്തിലും തയാറായിരുന്നു. പക്ഷെ ഒരു യുദ്ധം ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നോ," നരവനെ കൂട്ടിച്ചേർത്തു.

''കോവിഡ് മഹാമാരി മൂലം രാജ്യം ഒരു മോശം അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു. സമ്പദ്‌വ്യവസ്ഥ തകരുകയായിരുന്നു. ആഗോളതലത്തില്‍ വിതരണ സംവിധാനങ്ങള്‍ നിലച്ചിരുന്നു. ആഗോളതലത്തില്‍ നമ്മളെ പിന്തുണയ്ക്കുന്നവർ ആരൊക്കെയാണ്, ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികള്‍, ഇങ്ങനെ നിരവധി ചിന്തകളാണ് മനസിലേക്ക് എത്തിയത്,'' നരവനെ കുറിച്ചു.

പിന്നീട് നോർത്തേണ്‍ ആർമി കമാന്‍ഡറായ ലെഫ്റ്റനന്റ് ജനറല്‍ വൈ കെ ജോഷിയുമായി ചേർന്ന് ആലോചിച്ചെടുത്ത തീരുമാനങ്ങളും തുടർനടപടികളുമാണ് ഓർമ്മക്കുറിപ്പില്‍ നരവനെ വിവരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും