നിയമ നിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിത സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. നേരത്തെ ലോക്സഭ പാസാക്കിയ ബില്ലിനെ 215 അംഗങ്ങളുടെ പിന്തുണയോടെയാണ് രാജ്യസഭ അംഗീകാരം നല്‍കിയത്. സഭയില്‍ ഹാജരായിരുന്ന എല്ലാ അംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിയ ശേഷമായിരുന്നു ബില്ലില്‍ വോട്ടെടുപ്പ് നടന്നത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ സാഹചര്യത്തില്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്ക്ക് ബില്‍ നിയമമാകും. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടത്തിയതെങ്കില്‍ രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്.
അതിനിടെ, ബില്ലിന് ഇരുസഭകളുടെയും അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.
പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി നിയമ മന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍ അവതരിപ്പിച്ച ബില്ലിലാണ് വോട്ടെടുപ്പ് നടന്നത്.ബില്ലില്‍ അസദുദ്ദീന്‍ ഉവൈസി കൊണ്ടുവന്ന ഭേദഗതി നിര്‍ദേശം സഭ ശബ്ദ വോട്ടോടെ തള്ളിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ഉപസംവരണം വേണമെന്നായിരുന്നു നിര്‍ദേശം.