INDIA

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029ല്‍? ഉന്നതതല സമിതി റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി

വെബ് ഡെസ്ക്

കേന്ദ്ര സർക്കാരിന്റെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആശയത്തിനനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതി ഇന്ന് രാഷ്ട്രപതിക്ക് റിപ്പോർട്ട് കൈമാറി. എട്ടു വാള്യങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന 18,000 പേജുകളുള്ള വിശദ റിപ്പോർട്ടാണ് മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയത്. ലോക്‌സഭ, നിയമസഭ, മുൻസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രായോഗിക സാധ്യതകൾ പഠിക്കാൻ 2023 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ സമിതി രൂപീകരിക്കുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നടപ്പിലാക്കുന്നതിന് ആവശ്യമായ കൃത്യമായൊരു മോഡലാണ് മുൻ രാഷ്ട്രപതിയുടെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുകയെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. തുടർച്ചയായി ഒരേ സമയം തിരഞ്ഞെടുപ്പുകൾ നടക്കുമെന്ന് ഉറപ്പാക്കാനുള്ള വിവിധ മാർഗങ്ങളും സമിതിയുടെ റിപ്പോർട്ടിലുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വിരമിച്ച ചീഫ് ജസ്റ്റിസുമാർ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർമാർ, വ്യവസായികൾ, സാമ്പത്തിക വിദഗ്ധർ എന്നിവരുമായെല്ലാം സമിതി ചർച്ച നടത്തിയിരുന്നു. ഒപ്പം ജനുവരിയിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും ക്ഷണിച്ചിരുന്നു. അതുവഴി 20,972 പ്രതികരണങ്ങൾ ലഭിച്ചതായും 81 ശതമാനവും ഒരേസമയം തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നതായും സമിതി അറിയിച്ചിരുന്നു.

2029 മുതൽ രാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പിലേക്ക് നീങ്ങണമെന്നാണ് സമിതിയുടെ ശുപാർശ. അതിനുവേണ്ട നടപടിക്രമങ്ങളും പ്രശ്നപരിഹാരങ്ങളും ചർച്ച ചെയ്യുമെന്നും സമിതി അംഗം പറഞ്ഞു. 15-ാം ധനകാര്യ കമ്മീഷൻ ചെയർപേഴ്‌സൺ എൻ കെ സിങ്, ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ പ്രാചി മിശ്ര എന്നിവർ ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൻ്റെ സാമ്പത്തിക സാധ്യതയെക്കുറിച്ച് നിർദേശിക്കുന്ന ഭാഗവും റിപ്പോർട്ടിലുണ്ട്. കൂടാതെ ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ സാമ്പത്തികവും ഭരണപരവുമായ എന്തൊക്കെ കാര്യങ്ങൾ ആവശ്യമായി വരുമെന്ന കാര്യങ്ങളും അതിന് തേടേണ്ട സ്രോതസ്സുകളെ കുറിച്ചും റിപ്പോർട്ടിൽ പരാമര്ശമുണ്ടാകും. പൊതുജനങ്ങളിൽനിന്ന് തേടിയ അഭിപ്രായങ്ങളും പരിഗണിച്ചതായാണ് റിപ്പോർട്ടുകൾ.

രാംനാഥ് കോവിന്ദിന് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ കെ സിങ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും സമിതിയിലുണ്ട്. കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അതിർ രഞ്ജൻ ചൗധരിയെ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഭാഗമാകാൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും