ഇന്ത്യയില്‍ രാഷ്ട്രീയം ജനാധിപത്യശോഷണം നേരിടുന്നതായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ജനാധിപത്യ ഇന്ത്യ വലിയവെല്ലുവിളികള്‍ നേരിടുകയാണ്. രാജ്യത്തെ പ്രധാനമന്ത്രി സ്വയം ദൈവമാണെന്ന് പറയുന്നു. അണികള്‍ അത് വിശ്വസിക്കുകയും ഏറ്റുപിടിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. പല നേതാക്കളും മിനി മോദിമാരാണ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രത്തില്‍ ഏകാധിപത്യ സ്വഭാവമുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്നും രാമചന്ദ്ര ഗുഹ ആരോപിച്ചു. മാതൃഭൂമി സംഘടിപ്പിച്ച എം പി വീരേന്ദ്ര കുമാര്‍ അനുസ്മരണത്തില്‍ 'ഇന്ത്യ എങ്ങോട്ട്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ നേരിടുന്ന വെല്ലുവിളികളില്‍ ഒന്ന് നേതൃബിംബമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പിണറായിക്കെതിരെ സംസാരിച്ചത്. പിണറായി വിജയന്‍ ചിലപ്പോള്‍ മുണ്ടുടുത്ത മോദിയായി മാറിയേക്കാം. ഇഎംഎസ്, നായനാര്‍, ജ്യോതി ബസു, മണിക് സര്‍ക്കാര്‍ എന്നിവരെ മുന്‍നിര്‍ത്തിയാണ് പറയുന്നതെന്നും അദ്ദേഹം പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാമചന്ദ്ര ഗുഹയുടെ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് ധാരാളം മിനി മോദിമാരുണ്ടെന്ന് പരാമര്‍ശത്തോടൊപ്പമാണ് രാമ ചന്ദ്രഗുഹ രാജ്യത്തെ മുഖ്യമന്ത്രിമാരെ വിമര്‍ശിക്കുന്നത്. പിണറായി വിജയനെക്കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഒഡീഷ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായിക്ക് എന്നിവരെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. ''മോദി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ ബിംബമായി മാറുകയാണ്. ഇവിടെ നിങ്ങളുടെ മുഖ്യമന്ത്രിയും അത്തരത്തിലൊരു ബിംബമാണ്. പിണറായി വിജയന്‍ ചിലപ്പോള്‍ മുണ്ടുടുത്ത മോദിയും മമതാ ബാനര്‍ജി സാരിയുടുത്ത മോദിയും കെജ്‌രിവാള്‍ ബൂഷ് ഷര്‍ട്ടിട്ട മോദിയും നവീന്‍ പട്‌നായിക് വെള്ളധോത്തി ധരിച്ച മോദിയുമായി മാറിയേക്കാം. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപത്യ സ്വഭാവമുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍,'' രാമചന്ദ്ര ഗുഹ പറയുന്നു. മമതയും ജഗന്‍ മോഹനും ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു.
നേതൃബിംബത്തെ കൂടാതെ കുടുംബാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലെയുള്ള അധികാരപ്രയോഗവും നയങ്ങളിലെ അസമത്വവും രാജ്യം നേരിടുന്ന വെല്ലുവിളിയായി രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകരുടെയും ഡോക്ടര്‍മാരുടെയും മക്കള്‍ അഭിഭാഷകരും ഡോക്ടര്‍മാരും ആകുന്നത് പോലെ നേതാക്കളുടെ മക്കളും നേതൃത്വത്തിലേക്ക് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുകയാണ്. പ്രിയങ്ക, രാഹുല്‍, സോണിയാ ഗാന്ധി എന്നിവര്‍ പ്രധാന നേതാക്കാളായി തുടരുമ്പോള്‍ 'ഞാന്‍ പ്രസിഡന്റായി നില്‍ക്കാം എന്റെ മകന് കര്‍ണാടകയില്‍ മന്ത്രിസ്ഥാനം നല്‍കണം, മരുമകന് ലോക്‌സഭാ ടിക്കറ്റ് വേണം' എന്നതാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ നിലപാട്,'' അദ്ദേഹം പറഞ്ഞു.
നേതൃബിംബങ്ങളെ കൊണ്ടുനടക്കുന്നതും കുടുംബാധിപത്യമുള്ള പാര്‍ട്ടികളുമാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലുള്ളതെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടന്‍ രാഷ്ട്രീയത്തില്‍ കുടുംബമില്ലെന്നും രാഷ്ട്രീയ ബിംബങ്ങളിലെന്നുമുള്ള താരതമ്യവും അദ്ദേഹം നടത്തുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍, സിവില്‍ സര്‍വീസ്, പോലീസ് എല്ലാം കോംപ്രമൈസ് ചെയ്യുന്നുവെന്ന് പറഞ്ഞ രാമചന്ദ്ര ഗുഹ സുസ്ഥിരമായ വികസന സങ്കല്‍പം നമുക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സാമ്പത്തികവും ലിംഗപരവുമായ അസമത്വമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറയുന്നു.
പത്തു വര്‍ഷത്തെ മോദി ഭരണകൂടത്തിലെ മാത്രം പോരായ്മകളെ കുറിച്ചും അദ്ദേഹം പ്രത്യേകം എടുത്തുപ്പറയുന്നുണ്ട്. മോദി ഭരണകൂടത്തിന്റെ സൃഷ്ടിയാണ് ഹിന്ദുമേധാവിത്വമെന്നും ഇന്ത്യയെ ഒരു ഹിന്ദു പാകിസ്താന്‍ ആക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശികമായ അസമത്വമുണ്ടാക്കുന്ന നയങ്ങളെക്കുറിച്ചും ഗുഹ ഓര്‍മിപ്പിക്കന്നു. '' ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്തുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഭാഷാപരമായും സാംസ്‌കാരികവുമായ എല്ലാ ധാരകളെയും ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബുദ്ധിമുട്ടുകളുണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്,'' അദ്ദേഹം പറയുന്നു.